India
അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആര് ? പിൻഗാമിയെ നിർദേശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
India

അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആര് ? പിൻഗാമിയെ നിർദേശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

Web Desk
|
17 Oct 2024 2:35 AM GMT

നവംബർ 10 ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കും

ന്യൂഡൽഹി: സുപ്രിംകോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. ശുപാർശ കേന്ദ്ര നിയമകാര്യ വകുപ്പ് അംഗീകരിച്ചാൽ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13 ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാനാവുക.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കാനിരിക്കെയാണ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി ചുമതലപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ ആഴ്ച സർക്കാരിന് അദ്ദേഹം കത്തെഴുതിയത്. 1983 ലാണ് ജസ്റ്റിസ് ഖന്ന ഡൽഹി ബാർകൗൺസിലിൽ നിന്ന് എൻറോൾ ചെയ്യുന്നത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ഡൽഹി ഹൈക്കോടതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ അഡീഷ്ണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാവുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്.

ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004-ൽ ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി (സിവിൽ) നിയമിതനായി. 2005-ൽ ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയാവുകയും 2006-ൽ സ്ഥിരം ജഡ്ജിയായി നിയമിക്കുകയും ചെയ്തു. 2019 ജനുവരി 18-ന് അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി.

Similar Posts