India
Nothing wrong in PM Modis visit to my residence on Ganesh puja: CJI DY Chandrachud, Modi visit to DY Chandrachud, Modi visit to CJI
India

ഇങ്ങനെയല്ല ഡീലുണ്ടാക്കുന്നത്; പ്രധാനമന്ത്രി എന്റെ വീട്ടിൽ വന്നതിൽ ഒരു തെറ്റുമില്ല-ചീഫ് ജസ്റ്റിസ്

Web Desk
|
5 Nov 2024 4:49 AM GMT

ബാബരി-രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട് നടത്തിയ ഏറെ വിവാദമായ പരാമർശത്തിലും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

ന്യൂഡൽഹി: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെത്തിയതിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. തീർത്തും സ്വകാര്യമായൊരു ചടങ്ങിനാണ് പ്രധാനമന്ത്രി എത്തിയതെന്നും അതിൽ ഒരു തെറ്റുമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങളെ വിശ്വസിക്കണമെന്നും എന്തെങ്കിലും ഡീലുണ്ടാക്കുകയായിരുന്നില്ല അവിടെയെന്നും അദ്ദേഹം പറഞ്ഞു. താൻ വിശ്വാസിയായതുകൊണ്ടാണ് ബാബരി-രാമജന്മഭൂമി വിധിക്കു മുൻപ് ദൈവത്തോട് പ്രാർഥിച്ചതെന്നും തന്റെ വിശ്വാസം ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു കേസിലെയും വിധിയെ ബാധിക്കില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ന്യൂഡൽഹിയിൽ 'ഇന്ത്യൻ എക്‌സ്പ്രസ്' സംഘടിപ്പിച്ച 'എക്‌സ്പ്രസ് അഡ്ഡ'യിൽ നടന്ന അഭിമുഖ പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് വിവാദങ്ങളോട് പ്രതികരിച്ചത്. ഇത്തരം കൂടിക്കാഴ്ചകളിലൂടെയൊന്നുമല്ല ഡീലുകളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ ദയവായി വിശ്വസിക്കണം. ആരുമായും ഡീലിലെത്തുന്നവരല്ലെന്നും ജ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

'തീർത്തും സ്വകാര്യമായൊരു ചടങ്ങിനാണ് പ്രധാനമന്ത്രി എന്റെ വീട് സന്ദർശിച്ചത്. അതൊരു പൊതുപരിപാടിയായിരുന്നില്ല. സാമൂഹികതലത്തിൽ ഉൾപ്പെടെ ജുഡീഷ്യറിയും ഭരണനിർവഹണ വിഭാഗവും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചകളുടെ തുടർച്ചയാണെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആ സന്ദർശനത്തിൽ ഒരു തെറ്റുമില്ല. രാഷ്ട്രപതി ഭവനിലും റിപബ്ലിക് ദിനത്തിലുമെല്ലാം ഞങ്ങൾ കാണാറുണ്ട്. പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായെല്ലാം സംസാരിക്കാറുമുണ്ട്. ഞങ്ങൾ വിധി പറയാനിരിക്കുന്ന കേസുകളെ കുറിച്ചൊന്നുമല്ല, സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് ആ സംസാരങ്ങളെല്ലാം'-ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഇതൊക്കെ മനസിലാക്കാൻ കഴിയുന്ന തരത്തിൽ രാഷ്ട്രീയ സംവിധാനത്തിൽ അൽപം പക്വതയൊക്കെ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ജഡ്ജിമാരെ നിങ്ങൾ വിശ്വസിക്കണം. ഞങ്ങൾ നടത്തുന്ന വിധിന്യായത്തിലൂടെയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നത്. ഞങ്ങളെടുക്കുന്ന തീരുമാനങ്ങളൊന്നും പൊതിഞ്ഞു കെട്ടിവയ്ക്കുന്നില്ല. എല്ലാം സൂക്ഷ്മവിശകലനത്തിനു വിധേയമാക്കാവുന്നതാണ്. അധികാര വിഭജനം കൊണ്ട് ഉദ്ദേശിക്കുന്നത് നയരൂപീകരണം ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവിന്റെ ജോലി ജുഡീഷ്യറി ചെയ്യാതിരിക്കലാണ്. അത് സർക്കാരിന്റെ പണിയാണ്. സമാനമായി എക്‌സിക്യൂട്ടീവ് കേസുകളിൽ സര്‍ക്കാരും തീരുമാനം കൈക്കൊള്ളാൻ പാടില്ല. ഇതെല്ലാം മനസിലുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

മറ്റു ജഡ്ജിമാരോ പ്രതിപക്ഷ നേതാവോ കൂടി ആ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: 'പ്രതിപക്ഷ നേതാവിനെ ഞാൻ അതിൽ ഉൾപ്പെടുത്തില്ല. കേന്ദ്ര വിജിലൻസ് കമ്മിഷണറെയോ സിബിഐ ഡയരക്ടറെയോ നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റിയൊന്നുമല്ലല്ലോ അത്.'

ബാബരി-രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ ഒരു പ്രശ്‌നമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എവിടെയാണ് ഞാൻ സംസാരിച്ചിരുന്നതെന്നു നിങ്ങൾ മനസിലാക്കണം. എന്റെ നാടായ കനേർസറിലെ ഒരു സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഞാൻ. കോടതിയിൽ നമുക്കു മുന്നിൽ വരുന്ന വിഷയങ്ങളിൽ സംഘർഷമുണ്ടാകുമ്പോൾ എങ്ങനെയാണ് ശാന്തമായി കൈകാര്യം ചെയ്യുന്നതെന്നൊരു ചോദ്യമാണ് അവിടെ ഉയർന്നത്. ഓരോരുത്തർക്കും അവരുടേതായ മന്ത്രകളുണ്ടെന്നും തനിക്കും അത്തരം രീതികളുണ്ടെന്നുമാണു താന്‍ നല്‍കിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

'ഓരോ ദിവസവും രാവിലെ അന്നു കൈകാര്യം ചെയ്യാൻ പോകുന്ന കേസുകളെ കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. ദൈവത്തിനു മുന്നിൽ ഇരുന്നു എന്നു പറഞ്ഞതിനർഥം ഞാൻ വിശ്വാസിയാണ് എന്നതു തന്നെയാണ്. എനിക്ക് എന്റേതായ വിശ്വാസമുണ്ട്. ഇതോടൊപ്പം എല്ലാ വിശ്വാസങ്ങളെയും ഞാൻ ബഹുമാനിക്കുന്നുമുണ്ട്. മറ്റു വിശ്വാസികൾ നീതി തേടി കോടതിക്കു മുന്നിലെത്തുമ്പോൾ സ്വീകരിക്കുന്ന നിലപാടിനെ എന്റെ വിശ്വാസം ബാധിക്കില്ല. തങ്ങൾക്കു മുന്നിലുള്ള കേസുകളിൽ പരിഹാരത്തിനായി ജഡ്ജിമാർ ദൈവത്തോട് അഭ്യർഥിക്കുകയോ എന്ന തരത്തിൽ ചർച്ചകളുണ്ടായി. നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമായി മാത്രമേ നമ്മൾ എന്തു വിധിയും പറയൂ. ആ കേസുകളെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാനും കഴിയും.'

ഒരേ വ്യക്തി തന്നെ അനീതിയും ചെയ്യാനിടയുണ്ട്. കോളനി ഭരണകാലത്ത് ഒരേ നിയമം അടിച്ചമർത്തലിനും നീതിക്കും ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനുമിടയിലും രാഷ്ട്രീയ പാർട്ടികൾക്കും ഭാര്യയ്ക്കും ഭർത്താവിനും കോർപറേറ്റ് കമ്പനികൾക്കുമിടയിലെല്ലാം സംഘർഷം നിലനിൽക്കുന്നുണ്ട്. നമ്മൾ ഏതു രീതിയിലാണ് ഈ സംഘര്‍ഷങ്ങളെയെല്ലാം കൈകാര്യം ചെയ്യുന്നതെന്നതു നമ്മൾ ചെയ്യുന്ന ജോലിയുടെ അന്തിഫലത്തിലും വളരെ പ്രധാനമാണ്. ചിലർക്ക് അവരുടെ വിശ്വാസം ശാന്തതയും സമാധാനവും നിഷ്പക്ഷമായി കാര്യങ്ങളെ കാണാനുള്ള ശേഷിയും നൽകുമെങ്കിൽ അതിനെ അംഗീകരിക്കേണ്ടതുണ്ട്. നമ്മുടെ വിശ്വാസം മറ്റൊരാൾക്ക് നീതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പണിയല്ല കോടതികളുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വന്ന ശേഷം പ്രത്യേക തൽപരകക്ഷികളും സമ്മർദഗ്രൂപ്പുകളുമെല്ലാം ശക്തമാകാൻ തുടങ്ങിയിട്ടുണ്ട്. ചില പ്രത്യേക വിധികൾ നേടാൻ വേണ്ടി അവർ ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് കോടതികൾക്കുമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുകയാണ്. എനിക്ക് അനുകൂലമായി വിധിച്ചാൽ നിങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. നേരെ തിരിച്ചാണു വിധിയെങ്കിൽ നിങ്ങൾ സ്വതന്ത്രരുമാകില്ല. ഇലക്ടറൽ ബോണ്ട് വിധിയിൽ നിങ്ങൾ വളരെ സ്വതന്ത്രമാകുകയും സർക്കാരിന് അനുകൂലമായി വിധി പറയുമ്പോള്‍ അങ്ങനെയല്ലാതെയുമാകും. ഇതല്ല കോടതിയുടെ സ്വാതന്ത്ര്യമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബർ 11ന് ഗണേശ ചതുർത്ഥിയോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതി സന്ദർശിച്ചത്. ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ വീട്ടിലാണ് മോദി എത്തിയത്. ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കൽപന ദാസും ചേർന്ന് മോദിയെ വീട്ടിലേക്കു സ്വീകരിക്കുകയും ചെയ്തു. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ ഗണപതി പൂജയിൽ പങ്കെടുത്താണു പ്രധാനമന്ത്രി മടങ്ങിയത്. സംഭവത്തില്‍ പ്രമുഖ അഭിഭാഷകരും പ്രതിപക്ഷവുമെല്ലാം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Summary: Nothing wrong in PM Modi's visit to my residence on Ganesh puja: CJI DY Chandrachud

Similar Posts