പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിക്കായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
|ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ സമകാലിക സംഭവങ്ങൾ അവർത്തിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള നിരീക്ഷണം.
രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ സാധാരണക്കാരനുമേൽ നടത്തുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ നേതൃത്വം നൽകുന്ന പ്രത്യേക സമിതി രൂപീകരിക്കുന്നതിന് താൻ അനുകൂലമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ സമകാലിക സംഭവങ്ങൾ അവർത്തിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള നിരീക്ഷണം. ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ പൊലീസ് റെയ്ഡിനെത്തുടർന്ന് വ്യവസായി മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. തമിഴ്നാട്ടിൽ പി.ജയരാജ്, മകൻ ജെ.ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒൻപത് പൊലീസുകാർക്കെതിരെ സി.ബി.ഐ കുറ്റപത്രം ചുമത്തിയിരുന്നു.
" സർക്കാർ ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികളിൽ ഞങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണ്. രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ സാധാരണക്കാരനുമേൽ നടത്തുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമാർ നേതൃത്വം നൽകുന്ന സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് എനിക്ക് അനുകൂല നിലപാടാണ്." - ചീഫ് ജസ്റ്റിസ് പറഞ്ഞു.
തനിക്കെതിരെ സർക്കാർ ചുമത്തിയ ക്രിമിനൽ കേസുകളിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ സസ്പെൻഡ് ചെയ്യപ്പെട്ട എ.ഡി.ജി.പി ഗുർജിന്ദർ പാൽ സിങ്ങിന്റെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.