India
മുന്നാക്ക സംവരണത്തെ എതിർത്ത് ചീഫ് ജസ്റ്റിസും ജ. രവീന്ദ്ര ഭട്ടും; ശരിവച്ച് ഭൂരിപക്ഷം-ചരിത്രവിധിയില്‍ നടന്നത്
India

മുന്നാക്ക സംവരണത്തെ എതിർത്ത് ചീഫ് ജസ്റ്റിസും ജ. രവീന്ദ്ര ഭട്ടും; ശരിവച്ച് ഭൂരിപക്ഷം-ചരിത്രവിധിയില്‍ നടന്നത്

Web Desk
|
7 Nov 2022 6:46 AM GMT

ഭരണഘടന നിരോധിച്ച വിവേചനത്തിന് ഭരണഘടനാ ഭേദഗതി കാരണമാകുമെന്നും സമത്വം എന്ന ആശയത്തിന് ഭീഷണിയാണിതെന്നും ജ. രവീന്ദ്ര ഭട്ട്

ന്യൂഡൽഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ശരിവച്ച ചരിത്രവിധിയിൽ വിയോജിച്ച് ചീഫ് ജസ്റ്റിസ്. അവസാന പ്രവൃത്തി ദിനത്തിലാണ് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഭേദഗതിയെ എതിർത്തത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേരുടെ പിന്തുണയിലാണ് ഭരണഘടനാ ഭേദഗതിക്ക് സുപ്രിംകോടതി അംഗീകാരം നൽകിയത്.

സമത്വം എന്ന ആശയത്തിന് ഭീഷണിയെന്ന് ജ. രവീന്ദ്ര ഭട്ട്; പിന്തുൂണച്ച് ചീഫ് ജസ്റ്റിസും

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ് ഭരണഘടനാ ഭേദഗതി. ഭരണഘടന നിരോധിച്ച വിവേചനത്തിന് ഭേദഗതി കാരണമാകും. സമത്വം എന്ന ആശയത്തിന് ഭീഷണിയാണിത്. സംവരണ നിരക്ക് 50%ന് മുകളിലേക്ക് ഉയർത്തുന്നത് സംവരണ വിഭാഗങ്ങൾക്കിടയിലെ ധ്രുവീകരണത്തിന് വഴിവയ്ക്കും. സാമ്പത്തിക സംവരണം തെറ്റല്ല. എന്നാൽ, ഒരു വിഭാഗത്തിനുമാത്രം സാമ്പത്തിക മാനദണ്ഡത്തിൽ സംവരണം നൽകുന്നത് തെറ്റാണെന്നും രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് യു.യു ലളിത് രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണത്തെ പിന്താങ്ങി. ഭട്ടിന്റെ കാഴ്ചപ്പാടിനെ പൂർണമായും പിന്താങ്ങുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

'50% സംവരണം മാത്രമേ പാടുള്ളൂവെന്ന് ഭരണഘടന പറയുന്നില്ല'

സംവരണം ഭരണഘടനാ അനുസൃതമാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വിധിയിൽ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് എതിരല്ല. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കുന്നതല്ലെന്നും ദിനേശ് മഹേശ്വരിയുടെ ആദ്യത്തെ വിധിയിൽ സൂചിപ്പിച്ചു. ജെ.ജി പാർദിവാലയും ബേല എം. ത്രിവേദിയും ഇതിനെ പിന്തുണച്ചു.

മുന്നാക്ക സംവരണം നിലവിലുള്ള 50% സംവരണത്തെ ബാധിക്കുന്നില്ലെന്നും ദിനേശ് മഹേശ്വരി പറഞ്ഞു. സാമൂഹിക വിദ്യാഭ്യാസ രംഗത്തോടൊപ്പം സാമ്പത്തികപരമായും പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളുന്നതായിരിക്കണം സംവരണം. സംവരണം ഏർപ്പെടുത്താവുന്ന പരമാവധി ശതമാനം അചഞ്ചലമല്ലെന്നും 50% സംവരണം മാത്രമേ പാടുള്ളൂവെന്ന് ഭരണഘടന പറയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ(ഇ.ഡബ്ല്യു.എസ്) പ്രത്യേക വിഭാഗമായി സംവരണത്തിന് പരിഗണിക്കുന്നതിനെ ജസ്റ്റിസ് ബേല ത്രിവേദി പിന്തുണച്ചു. എല്ലാ അസമത്വങ്ങളെയും സമമായി കരുതാൻ കഴിയില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കുശേഷം വിശാലമായ കാഴ്ചപ്പാടോടെ വേണം സംവരണമെന്ന ആശയത്തെ നോക്കിക്കാണാനെന്നും അദ്ദേഹം നിരീക്ഷിച്ചു.

സംവരണം അനന്തമായി നീളുന്നത് നിക്ഷിപ്ത താത്പര്യങ്ങൾ വർധിപ്പിക്കുമെന്ന് പാർദിവാലയും പറഞ്ഞു. സംവരണം എല്ലാ കാലവും തുടരേണ്ടതല്ലെന്ന് ജസ്റ്റിസുമാരായ ബേല ത്രിവേദിയും പാർദിവാലയും വിധിയിൽ സൂചിപ്പിച്ചു.

Summary: The Chief Justice India UU Lalit and Justice Ravindra Bhatt opposed the constitutional amendment that introduced 10 percent reservation for the backward among the forward community

Similar Posts