India
CK Vineeth

സി.കെ വിനീത്

India

അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ തെരുവില്‍ വലിച്ചിഴക്കുന്നു; സി.കെ വിനീത്

Web Desk
|
29 May 2023 10:29 AM GMT

ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു

ഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ തലവനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ സമരത്തിന് പിന്തുണയുമായി മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് രംഗത്ത്. അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് സി.കെ വിനീത് കുറ്റപ്പെടുത്തി.

''ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം എന്‍റെ ഉള്ളിൽ കൊണ്ടു. അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരാണിവർ. എന്നാൽ, ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നു'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എം.പിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം? ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്'- വിനീത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് സംഭവസ്ഥലത്തു നിന്നും നീക്കിയത്. ജന്തർമന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്റംഗ് പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് സമരം തുടരുമെന്ന് വ്യക്തമാക്കിയാണ് സാക്ഷി മാലിക് ഒഴികെയുള്ള താരങ്ങൾ ഹരിയാനയിലേക്ക് മടങ്ങിയത്.

Similar Posts