കശ്മീരിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്കുകൂടി വീരമൃത്യു
|ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ നേരത്തേ വീരമൃത്യു വരിച്ചിരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രജൗരിയിലെ കാണ്ഡി മേഘലിയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് രാവിലെയാണ് രജൗരിയിലെ കാണ്ഡി വനമേഘലയിൽ ഏറ്റമുട്ടൽ ആരംഭിച്ചത്.
ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും കശ്മീരി പൊലീസും എത്തുകയായിരുന്നു. സംയുക്ത സംഘം പ്രദേശത്ത് എത്തിയ ഉടൻ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവരെ ഉത്തംപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിൽ മൂന്നു സൈനികരാണ് ഇപ്പോൾ വീര്യമൃത്യു വരിച്ചിരിക്കുന്നത്. സ്ഥലത്ത് ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടിൽ കൂടുതൽ ഭീകരർ ഇപ്പോഴും ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്. പൂഞ്ചിൽ ട്രക്കിന് നേരെ ഭീകരാക്രമണം നടത്തിയ സംഘത്തിലെ അതേ ഭീകരരാണ് ഇതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.