ഛത്തീസ്ഗഢിൽ പൊലീസുമായി ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
|മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കടേകല്യൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിന് സമീപത്തെ കുന്നിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഞായറാഴ്ച വൈകുന്നേരം 5.30ഓടെ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തിയതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പറഞ്ഞു. ജില്ല റിസർവ് ഗാർഡിലെയും ബസ്തർ ഫൈറ്റേഴ്സിലെയും ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.
തുമാക്പാലിനും ദബ്ബക്കുന്നക്കും ഇടയിലുള്ള കാടുമൂടിയ കുന്നിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിനുശേഷം യൂണിഫോം ധരിച്ച മൂന്ന് പുരുഷ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും ശേഖരം പിടിച്ചെടുത്തതായി ഐജി അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണെന്നും ഐജി പറഞ്ഞു.