![Class 11 Student Gang-Raped While Returning From School In UP Class 11 Student Gang-Raped While Returning From School In UP](https://www.mediaoneonline.com/h-upload/2023/09/12/1388157-rape.webp)
യു.പിയിൽ സ്കൂൾ വിട്ട് പോയ പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
പ്രതികൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഒരു ക്രോസിങ്ങിൽ ഉപേക്ഷിച്ചു.
ലഖ്നൗ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ സഹാറൻപൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം.
വൈകുന്നേരം പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം ബൈക്കിൽ അടുത്തെത്തിയ പരിചയമുള്ള രണ്ട് യുവാക്കൾ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി. തുടർന്ന് മറ്റ് മൂന്ന് പേർ ഇവിടേക്കെത്തുകയും എല്ലാവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് എഎസ്പി സാഗർ ജെയിൻ പറഞ്ഞു.
തുടർന്ന്, പ്രതികൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഒരു ക്രോസിങ്ങിൽ ഉപേക്ഷിച്ചു. അവിടെ നിന്ന് പെൺകുട്ടി വളരെ പാടുപെട്ട് അടുത്തുള്ള പൊലീസ് ഔട്ട്പോസ്റ്റിലെത്തി സംഭവം അറിയിച്ചു. പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഐപിസി 376 (ബലാത്സംഗം) വകുപ്പും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. അങ്കുർ, അമൻ, ശാവേജ്, സദിക്, സർവേജ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ചികിത്സയ്ക്കായി മീററ്റിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.