മോഷണം നടത്തിയെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ ഷൂമാലയിട്ട് നടത്തിച്ചു; ഹോസ്റ്റൽ സൂപ്രണ്ടിനെതിരെ നടപടി
|ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഹോസ്റ്റലിൽ താമസിക്കുകയാണ് പെൺകുട്ടി
ഭോപ്പാൽ: പണം മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റൽ സൂപ്രണ്ട് ഷൂ മാല അണിയിച്ച് നടത്തിച്ചു. ദംജിപുര ഗ്രാമത്തിലെ സർക്കാർ ആദിവാസി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച ജില്ലാ കലക്ടർ അമൻവീർ സിംഗ് ബെയ്ൻസിന്റെ ഓഫീസിലെത്തി പരാതി നൽകിയിരുന്നു.
ബേത്തുൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഹോസ്റ്റലിലെ വനിതാ സൂപ്രണ്ടിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദംജിപുരയിലെ ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഹോസ്റ്റലിൽ താമസിക്കുകയാണ് പെൺകുട്ടി. മകളെ കാണാൻ ഹോസ്റ്റലിൽ പോയപ്പോഴാണ് സംഭവം അറിയിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മകളെ മേക്കപ്പിട്ട് സൂപ്രണ്ട് ചെരുപ്പ് മാലയുമായി ഹോസ്റ്റൽ കാമ്പസിൽ പരേഡ് നടത്തിയെന്നും ഇയാൾ ആരോപിച്ചു.
സംഭവത്തിന് ശേഷം മകൾ ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറായില്ലെന്നും പിതാവ് പറയുന്നു. പരാതിയെ തുടർന്ന് ഹോസ്റ്റൽ സൂപ്രണ്ടിനെ തല് സ്ഥാനത്ത് നിന്ന് മാറ്റിയതായി ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ശിൽപ ജെയിൻ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ജെയിൻ പറഞ്ഞു.