കർഷക മഹാപഞ്ചായത്തിലെ 'അല്ലാഹു അക്ബർ': സംഘ്പരിവാർ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാണ്
|കർഷക നേതാവ് നേതാവ് രാകേഷ് ടികായത്തിന്‍റെ പ്രസംഗത്തിൽനിന്ന് അടർത്തിയെടുത്ത 19 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് ബിജെപി വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ സമൂഹമാധ്യമ വിഭാഗം ഇന്‍ചാര്‍ജ് പ്രീതി ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചിരുന്നു
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ കഴിഞ്ഞ ദിവസം നടന്ന കർഷക മഹാപഞ്ചായത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. സമ്മേളനത്തിൽ കർഷക നേതാവ് നേതാവ് രാകേഷ് ടികായത്ത് നടത്തിയ പ്രസംഗത്തിലെ 'അല്ലാഹു അക്ബർ' പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. എന്നാൽ, സംഘ് പരിവാർ ഹാൻഡിലുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ എന്താണെന്നു പരിശോധിക്കാം.
മിനിറ്റുകൾ നീണ്ട പ്രസംഗത്തിൽനിന്ന് അടർത്തിയെടുത്ത 19 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പ് എടുത്താണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ബിജെപി വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ സമൂഹമാധ്യമ വിഭാഗം ചുമതല വഹിക്കുന്ന പ്രീതി ഗാന്ധി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ക്ലിപ്പ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. കർഷക നിയമവും അല്ലാഹു അക്ബറും തമ്മിൽ എന്തു ബന്ധമാണുള്ളതെന്ന് പ്രീതി ചോദിക്കുകയും ചെയ്തു. കർഷക സമ്മേളനത്തിൽ എന്തിന് ഒരു മതസമൂഹത്തിന്റെ മുദ്രാവാക്യം മുഴക്കിയെന്നും ചിലർ ചോദിച്ചു. ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഡൽഹി ബിജെപി വക്താവ് അജയ് ഷെറാവത്തും അടക്കമുള്ള പ്രമുഖരും ഇതേ വിഡിയോ ഭാഗം പങ്കുവച്ചു.
Priti Aapa deliberately cropped the whole phrase and upload 13 secs clip. Here is full pic.twitter.com/AmZWiCzOe8
— Riaz ᴬᴴᴹᴱᴰ (@karmariaz) September 5, 2021
എന്നാൽ, മുസഫർനഗറിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമെത്തിയ പതിനായിരക്കണക്കിന് കർഷകരോട് മതസൗഹാർദം പുലർത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു രാകേഷ് ടികായത്ത് പ്രസംഗത്തില്‍. ഇതിനിടയിലാണ് അദ്ദേഹം 'ഹർ ഹർ മഹാദേവും' 'അല്ലാഹു അക്ബറും' മുഴക്കിയത്. യുപിയിലെ പഴയ കർഷക നേതാവും തന്റെ പിതാവുമായ മഹേന്ദ്ര സിങ് ടികായത്തും ഇതേ മുദ്രാവാക്യങ്ങൾ കർഷക സമ്മേളനങ്ങളിൽ മുഴക്കാറുണ്ടായിരുന്നുവെന്ന് രാകേഷ് പ്രസംഗത്തിനിടെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. താനും അതേ പാരമ്പര്യം തുടരുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം അല്ലാഹു അക്ബറും ഹർ ഹർ മഹാദേവും മുഴക്കിയത്.