India
സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്നും  8000 കോടി രൂപ മോദി സ്വന്തം പി ആറിനായി ചെലവാക്കി: ആരോപണവുമായി സാകേത് ഗോഖലെ
India

'സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്നും 8000 കോടി രൂപ മോദി സ്വന്തം പി ആറിനായി ചെലവാക്കി': ആരോപണവുമായി സാകേത് ഗോഖലെ

Web Desk
|
4 Oct 2024 8:00 AM GMT

കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ പരിപാടികളും മോദിയുടെ പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നവയെന്നും വിമര്‍ശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി ആർ വർക്കിനായി സ്വച്ഛ് ഭാരതിന്റെ ഫണ്ടിൽ നിന്നും 8000 കോടി രൂപയോളം ചെലവഴിച്ചതായി ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ എംപിയാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ മിക്ക പരിപാടികളും മോദിക്ക് പ്രചാരണം നൽകുന്നതിന് മാത്രമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് ഏകദേശം 8000 കോടി രൂപയോളം മോദിയുടെ സ്വകാര്യ പിആറിനായി കേന്ദ്ര സർക്കാർ ചെലവഴിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മോദി സ്വച്ഛ് ഭാരത് കാമ്പയിന്റെ 10 വർഷം 'ആഘോഷിച്ചു'. എന്നാൽ ഈ പ്രചാരണം കൊണ്ട് എന്താണ് നേടിയതെന്നും ഗോഖലെ ചോദിച്ചു.

2014 മുതൽ ഇന്നുവരെ പിആറിനായി മോദി ചെലവഴിച്ചത് കോടിക്കണക്കിന് രൂപയാണ്. പരസ്യങ്ങൾ, പിആർ കാമ്പെയ്നുകൾ, ഹോർഡിംഗുകൾ, മറ്റ് പരസ്യ വസ്തുക്കൾ എന്നിവയ്ക്കായി സ്വച്ഛ് ഭാരതിന്റെ ബജറ്റിൽ നിന്ന് 8000 കോടിയാണ് അദ്ദേഹം ചെലവാക്കിയത്. സ്വച്ഛ് ഭാരതിന്റെ മിക്കവാറും എല്ലാ പരസ്യങ്ങളിലും ഹോർഡിംഗുകളിലും മോദിയുടെ വലിയ ഫോട്ടോയുണ്ട്, എല്ലാ വീഡിയോകളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മഹത്വപ്പെടുത്തുന്നവയാണെന്നും ഗോഖലെ പറഞ്ഞു.

നോട്ട് അസാധുവാക്കലിനു പിന്നാലെ പുതിയ ഇന്ത്യൻ കറൻസി പുറത്തിറക്കിയപ്പോൾ അതിലും സ്വച്ഛ് ഭാരത് ചിഹ്നം വേണമെന്ന് മോദി വാശിപിടിച്ചു. കേന്ദ്രത്തിന്റെ എല്ലാ പരിപാടികളും മോദിയുടെ പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. പരസ്യങ്ങൾക്കായി കേന്ദ്രം ചെലവാക്കിയ തുക ഞെട്ടിക്കുന്നതാണ്. ഇത് ഒരു കാമ്പയിനെ കുറിച്ചുള്ള മാത്രം കാര്യമാണ്. എന്നാൽ സർക്കാരിന്‌റെ മിക്ക പരിപാടികളും മോദിയെ പ്രോത്സാഹിപ്പിക്കാൻ മാത്രമുള്ളവയാണ്. മോദിയുടേയും ബിജെപിയുടേയും പ്രചാരണത്തിനായി രാജ്യത്തെ നികുതി ദായകരുടെ പണം ഉപയോഗിക്കരുതെന്നും ഗോഖലെ പറഞ്ഞു.

രാജ്യത്തെ മറ്റൊരു നേതാവിനും മോദി ചെയ്യുന്നതുപോലെ സ്വന്തം പിആർ വർക്കിനായി കോടിക്കണക്കിന് രൂപ ലഭ്യമല്ല. നികുതികൾ കൂട്ടി ജനത്തെ കൊള്ളയടിച്ചാണ് മോദി ഇതെല്ലാം ചെയ്യുന്നത്. കഷ്ടപ്പെട്ട് ആളുകൾ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പോലും മോദി സ്വന്തം ചിത്രം നൽകി പിആർ നടത്തിയതെന്നും ഗോഖലെ പറഞ്ഞു.

ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്ര സർക്കാർ സ്വച്ഛ് ഭാരത് മിഷന്റെ പത്ത് വർഷം ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി പതിനായിരം കോടിയുടെ പദ്ധതികൾക്കാണ് മോദി തുടക്കമിട്ടത്.

Similar Posts