'മേഘവിസ്ഫോടനത്തിന് പിന്നിൽ വിദേശ ഗൂഢാലോചന'; തെലങ്കാന പ്രളയത്തിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു
|20-30 സ്ക്വയർ കിലോ മീറ്റർ പരിധിയിൽ മണിക്കൂറിൽ 10 സെന്റീ മീറ്റർ മഴ പെയ്യുന്നതാണ് 'മെറ്റ് ഓഫീസ്' മേഘവിസ്ഫോടനമായി പരിഗണിക്കുന്നത്.
ഹൈദരാബാദ്: ഗോദാവരി മേഖലയിലെ പ്രളയത്തിന് കാരണം മേഘവിസ്ഫോടനമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഇത് വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''മേഘവിസ്ഫോടനം എന്ന ഒരു പുതിയ പ്രതിഭാസമുണ്ട്. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. അത് എത്രത്തോളം ശരിയാണെന്നറിയില്ല, മറ്റു രാജ്യങ്ങളിൽനിന്നുള്ള ആളുകൾ നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളിൽ ബോധപൂർവം മേഘവിസ്ഫോടനം നടത്തുന്നു. നേരത്തെ കശ്മീരിനടുത്ത് ലഡാക്കിലായിരുന്നു അത് ചെയ്തിരുന്നത്, പിന്നീട് ഉത്തരാഖണ്ഡിലായി, ഇപ്പോൾ ഗോദാവരി മേഖലയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്''-ചന്ദ്രശേഖര റാവു പറഞ്ഞു.
കുറഞ്ഞ സമയത്തിനിടെ വലിയ അളവിൽ മഴ പെയ്യുകയും ഇത് പ്രളയത്തിന് കാരണമാവുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് മേഘവിസ്ഫോടനം എന്ന് പറയുന്നത്. 20-30 സ്ക്വയർ കിലോ മീറ്റർ പരിധിയിൽ മണിക്കൂറിൽ 10 സെന്റീ മീറ്റർ മഴ പെയ്യുന്നതാണ് 'മെറ്റ് ഓഫീസ്' മേഘവിസ്ഫോടനമായി പരിഗണിക്കുന്നത്.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ തെലങ്കാനയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ക്ഷേത്രനഗരമായ ഭദ്രാചലത്ത് 70 അടിയാണ് ജലനിരപ്പ് ഉയർന്നത്. ഇന്ന് ജലനിരപ്പ് 60 അടിയിലേക്ക് താഴ്ന്നിട്ടുണ്ട്.