മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തി ക്ലബ് ഹൗസ് ചർച്ച; കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം
|ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അപകീർത്തികരവും അശ്ലീലവുമായി പരാമർശങ്ങൾ നടത്തിയതായി വനിതാ കമ്മീഷന് നേരിട്ട് ബോധ്യപ്പെട്ടതായി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ക്ലബ് ഹൗസിൽ മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ക്ലബ് ഹൗസിൽ അശ്ലീല ചർച്ച സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിന് വനിതാ കമ്മീന്റെ നിർദേശം. ചർച്ചയിൽ പങ്കെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന്റെ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടതായി ഡൽഹി വനിതാ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
'മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ്' എന്ന വിഷയത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അപകീർത്തികരവും അശ്ലീലവുമായി പരാമർശങ്ങൾ നടത്തിയതായി വനിതാ കമ്മീഷന് നേരിട്ട് ബോധ്യപ്പെട്ടതായി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ''ആരോ തന്നെ ട്വിറ്ററിൽ ടാഗ് ചെയ്തപ്പോഴാണ് മുസ്‌ലിം സ്ത്രീകൾക്കെതിരായ ലൈംഗിക പരാമർശങ്ങൾ നിറഞ്ഞ ഓഡിയോ സംഭാഷണം കേൾക്കാൻ ഇടയായത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യമായതിനാലാണ് പെട്ടെന്ന് നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്''-ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ എം.എസ് മാലിവാൽ പറഞ്ഞു.