India
Devendra Fadnavis Eknath Shinde
India

'തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്വം, രാജിക്കാര്യത്തിൽ ഫഡ്‌നാവിസിനോട് സംസാരിക്കും'; അനുനയ നീക്കവുമായി ഷിൻഡെ

Web Desk
|
5 Jun 2024 4:24 PM GMT

തെരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽനിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസുമായി വീണ്ടും സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.

തെരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് ഫഡ്നാവിസ് രാജിസന്നദ്ധത അറിയിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത.

അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഭരണഘടനാ വിരുദ്ധമായ സർക്കാറാണ് ഫഡ്‌നാവിസ് നടത്തുന്നതെന്നും രണ്ട് പാർട്ടികളെ തകർത്താണ് അധികാരത്തിൽ തിരിച്ചെത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു.

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ടയില്‍ എന്‍.ഡി.എ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. 2019-നെ അപേക്ഷിച്ച് വന്‍ തകര്‍ച്ചയാണ് സഖ്യത്തിനുണ്ടായത്. പ്രതിപക്ഷമായിരുന്ന എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (ഉദ്ധവ്), കോണ്‍ഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 2019ൽ ഒരു സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.

Similar Posts