റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു
|ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച ഹൈദരാബാദിലെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി
ഹൈദരാബാദ്: തെലങ്കാനയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച ഹൈദരാബാദിലെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആഘോഷങ്ങളിൽ പങ്കെടുത്തില്ല. തെലങ്കാനയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ മുഖ്യമന്ത്രി വിട്ടുനിന്നത് ചർച്ചയാവുകയാണ്.
ഹൈദരാബാദിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ തെലങ്കാന ഗവർണർ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവിനെയും ഓസ്കാർ നാമനിർദ്ദേശം ചെയ്ത 'നാട്ടു നാട്ടു' ഗാനത്തിന്റെ സംഗീതസംവിധായകൻ എം എം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു. പത്മ പുരസ്കാര ജേതാക്കളിൽ ഒരാളാണ് കീരവാണി, 74-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ബുധനാഴ്ച ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
അതേസമയം, രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികൾ പരേഡ് കാണാൻ കർത്തവ്യപഥിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ കരുത്തും സാംസ്കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ എന്നിവ ആഘോഷത്തിന്റെ പ്രൗഢി കൂട്ടും.
ആവേശം പകരാൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50 വിമാനങ്ങൾ അണിനിരക്കും. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്ന തൊഴിലാളികൾക്കും റിക്ഷക്കാർക്കുമാണ് വിഐപി ഗ്യാലറിയിലേക്ക് ക്ഷണം. നാരി ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ റിപബ്ലിക് ദിന ഫ്ലോട്ട്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തും.
റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷക്കായി വിന്യസിച്ചു. വിമാനത്താവളങ്ങളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.