India
ഏറ്റുമുട്ടലിനിടയിൽ മാമ്പഴ നയതന്ത്രം? മോദിക്കും അമിത്ഷായ്ക്കും ബംഗാൾ മാങ്ങകൾ അയച്ച് മമത
India

ഏറ്റുമുട്ടലിനിടയിൽ മാമ്പഴ നയതന്ത്രം? മോദിക്കും അമിത്ഷായ്ക്കും ബംഗാൾ മാങ്ങകൾ അയച്ച് മമത

Web Desk
|
1 July 2021 12:32 PM GMT

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവര്‍ക്കും ബംഗാൾ മുഖ്യമന്ത്രി മാമ്പഴങ്ങൾ ഉപഹാരമായി അയച്ചിട്ടുണ്ട്

ബംഗാളിൽ വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയതിനു പിറകെ മമതാ ബാനർജിയും കേന്ദ്ര സർക്കാരും തമ്മിലുള്ള സംഘട്ടനം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനശരങ്ങളെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മമതയുടെ കര്‍ക്കശ നിലപാടിന്റെ ചൂടനുഭവിച്ചു. തന്‍റെ ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നുകരുതി കേന്ദ്ര ഭരണാധികാരികൾക്ക് വർഷങ്ങളായി നൽകിവരുന്ന ഉപഹാരങ്ങള്‍ മുടക്കാൻ പറ്റില്ല മമതയ്ക്ക്. രാഷ്ട്രീയവും നയതന്ത്രവും വേറെ, മനുഷ്യത്വവും സൗഹൃദവും വേറെയെന്നാണ് നിലപാട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കും നല്ല ബംഗാൾ മാമ്പഴങ്ങൾ കൊടുത്തയച്ചിരിക്കുകയാണ് മമത ബാനര്‍ജി. ഹിമസാഗർ, മാൽഡ, ലക്ഷ്മൺബോഗ് ഇനത്തിൽപെട്ട നല്ല ഒന്നാന്തരം മാങ്ങകളാണ് മമത കേന്ദ്ര നേതാക്കൾക്ക് സ്‌നേഹസമ്മാനമായി കൊടുത്തയച്ചിരിക്കുന്നത്. ഇരുനേതാക്കൾക്കും പുറമെ രാഷ്ട്രപതി രാംകോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കും മമത മാമ്പഴങ്ങൾ അയച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെയും ബംഗാൾ മുഖ്യമന്ത്രി മറന്നില്ല.

മമത വർഷാവർഷം മാമ്പഴങ്ങളും രണ്ടു ജോഡി കുർത്തയും കൊടുത്തയയ്ക്കുന്ന വിവരം നേരത്തെ ഒരു അഭിമുഖത്തിൽ നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി എല്ലാ കൊല്ലവും രണ്ടിനം മധുരങ്ങൾ കൊടുത്തയക്കാറുണ്ട്. ഇതു കണ്ടാണ് മമതയും ഇത്തരമൊരു രീതി ആരംഭിച്ചതെന്നാണ് മോദി അന്നു പറഞ്ഞത്.

എന്നാൽ, മോദിയോടുള്ള പ്രത്യേക മമതയോ സൗഹൃദമോ കാരണമല്ല, താൻ ഇത്തരത്തിൽ എല്ലാവർക്കും സമ്മാനങ്ങൾ നൽകാറുണ്ടെന്ന് ഇതിനോട് മമത പ്രതികരിക്കുകയും ചെയ്തു. അത് ബംഗാൾ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് അന്ന് ദീദി വിശദീകരിച്ചത്. 2011ൽ ബംഗാൾ മുഖ്യമന്ത്രിയായതു മുതൽ ഇത്തരത്തിൽ കേന്ദ്രത്തിലടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മാമ്പഴങ്ങൾ നൽകാറുണ്ട് മമത.

Similar Posts