ഇരട്ട പദവി തർക്കത്തിന് അടിസ്ഥാനമില്ല, മുഖ്യമന്ത്രി-പാർട്ടി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് കൊണ്ട് പോകാനാകും: അശോക് ഗെഹ്‌ലോട്ട്
|അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും
ഡൽഹി: കോൺഗ്രസിൽ ഇരട്ട പദവി സംബന്ധിച്ച തർക്കത്തിന് അടിസ്ഥാനമില്ലെന്നും പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്ക് ഒരുമിച്ച് കൊണ്ട് പോകാനാകുമെന്നും അശോക് ഗെഹ്‌ലോട്ട്. മുമ്പും താൻ കോൺഗ്രസിൽ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി തന്നെ ദേശീയ അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയിരിക്കുകയാണ് ഗെഹ്‌ലോട്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്‌ലോട്ട് കേരളത്തിൽ എത്തുന്നതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ തന്നെയാണ് ലക്ഷ്യം. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തും രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലും തുടരാനുള്ള താല്പര്യം അറിയിക്കും. മത്സരത്തിലൂടെയാണ് താൻ പദവികളിൽ എത്തിയതെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കുന്നു. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലും ഇതേ കാര്യങ്ങൾ തന്നെയാണ് മുന്നോട്ട് വെച്ചത്. തന്റെ പല താല്പര്യങ്ങളും ത്യജിച്ചു കൊണ്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് എന്ന് സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഗെഹ്‌ലോട്ട് വ്യക്തമാക്കി.
അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഗെഹ്ലോട്ടിന്റെ വാദങ്ങളെ പൂർണ്ണമായും ഹൈക്കമാൻഡ് തള്ളുന്നില്ല. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിർ തീരുമാനങ്ങൾ ഉയർത്തി, ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയാനാണ്, സച്ചിൻ പൈലറ്റ് പക്ഷത്തിന്റെ നീക്കം. ഒരാൾക്ക് ഒരു പദവി എന്ന തീരുമാനം രാജസ്ഥാനിൽ അട്ടിമറിക്കരുത് എന്ന് സച്ചിൻ അവശ്യപ്പെടുന്നു. പല ഘട്ടത്തിലും തന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്ന കാര്യം സച്ചിൻ രാഹുലിനെ ഓർമ്മിപ്പിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പരിഹാരം കാണുകയാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
There is no basis for dual status dispute, CM-party chief posts can go together: Ashok Gehlot