ഗിനിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മോചനത്തിന് ഇടപെടണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
|നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു
ഗിനിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരെയാണ് ഗിനിയയിൽ തടഞ്ഞുവെച്ചിരിക്കുന്നത്.
നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ ഇന്നലെ രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവല്‍ ഓഫീസര്‍ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. ജയിലിലേക്ക് മാറ്റിയ നാവികര്‍ക്ക് വെള്ളമോ ഭക്ഷണമോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ലഭിക്കുന്നില്ല. കേന്ദ്രം ഇടപെട്ട് മോചനം വേഗത്തില്‍ സാധ്യമാക്കണമെന്നാണ് നാവികരുടെ ആവശ്യം.
നൈജീരിയയിലേക്ക് മാറ്റിയാല്‍ നാവികര്‍ക്ക് അപകടം സംഭവിക്കുമോ എന്ന ഭയം ബന്ധുക്കള്‍ക്കുണ്ട്. ക്രൂഡ് ഓയില്‍ മോഷണത്തിനെത്തിയ കപ്പല്‍ എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ കപ്പല്‍ ഗിനിയന്‍ നേവി പിടിച്ചുവെച്ചത്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയും കപ്പല്‍ കമ്പനി അത് കൈമാറുകയും ചെയ്തിരുന്നു.