ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിങ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
|2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിങ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 12 മണിക്ക് ഷിംലയിലാണ് സത്യപ്രതിജ്ഞ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. റിജ് മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആർ. വി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ വികസനം പിന്നീട് നടക്കും. മല്ലികാർജുൻ ഖാർഗെയ്ക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി ജയറാം ഠാക്കൂറിനെ നേരിൽ കണ്ട് നേതാക്കൾ ക്ഷണിച്ചു. 2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. അതിനാൽ ചടങ്ങ് വൻ ആഘോഷമാക്കാനാണ് നേതാക്കളുടേയും പ്രവർത്തകരുടേയും തീരുമാനം.
സുഖ്‍വീന്ദറിന്റെ സ്വന്തം മണ്ഡലമായ നദൗനിൽ രാത്രി ഏറെ വൈകിയും വൻ ആഘോഷങ്ങൾ നടന്നു. പിസിസി അധ്യക്ഷ പ്രതിഭ സിംഗിനെ മുഖ്യമന്ത്രിയാക്കാത്തതിൽ ഒരു വിഭാഗം അസംതൃപ്തരാണ്. പ്രതിഭ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിന് സുപ്രധാന വകുപ്പ് നൽകും എന്നാണ് സൂചന.