India
കൽക്കരി ക്ഷാമം; ഡൽഹി മെട്രോയിലും ആശുപത്രികളിലും വൈദ്യുതി മുടങ്ങും
India

കൽക്കരി ക്ഷാമം; ഡൽഹി മെട്രോയിലും ആശുപത്രികളിലും വൈദ്യുതി മുടങ്ങും

Web Desk
|
29 April 2022 5:56 AM GMT

കടുത്ത വേനലിനൊപ്പം വൈദ്യുതിയുടെ റെക്കോർഡ് ഉപയോഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള വൈദ്യുതി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്

ഡൽഹി: കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ മെട്രോ ട്രെയിനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ഡൽഹി സർക്കാറിന്റെ മുന്നറിയിപ്പ്. ഡൽഹി വൈദ്യുത മന്ത്രി സത്യേന്ദർ ജെയിൻ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേരുകയും തലസ്ഥാനത്ത് വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളിൽ മതിയായ കൽക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു.

''ദാദ്രി, ഉഞ്ചഹാർ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ, ഡൽഹി മെട്രോ, ഡൽഹി സർക്കാർ ആശുപത്രികൾ എന്നിവയുൾപ്പെടെ പല അവശ്യ സ്ഥാപനങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായോക്കാം''- സർക്കാർ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ, ഡൽഹിയിലെ ഉപഭോഗ വൈദ്യുതിയുടെ 25 മുതൽ 30 ശതമാനം വരെയും ഈ പവർ സ്റ്റേഷനുകളിൽ നിന്നാണ് ലഭിക്കുന്നത്.എന്നാൽ ഡൽഹിയിലെ കൽക്കരിക്ഷാമം ഇവിടെയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ജനങ്ങൾ വൈദ്യുതി മുടക്കം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദാദ്രി, ഉഞ്ചഹാർ, കഹൽഗാവ്, ഫറാക്ക, തുടങ്ങിയ വൈദ്യുത നിലയങ്ങൾ പ്രതിദിനം 1,751 മെഗാവാൾട്ട് വൈദ്യുതി നൽകുന്നുണ്ട്. എന്നാൽ ഈ പവർ പ്ലാന്റുകളെല്ലാം കൽക്കരിയുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതായി നാഷണൽ പവർ പോർട്ടലിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.

കടുത്ത വേനലിനൊപ്പം, വൈദ്യുതിയുടെ റെക്കോർഡ് ഉപയോഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള വൈദ്യുതി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് പുറമേ, സാധന സാമഗ്രികൾ നിർമ്മിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts