രാജ്യത്തെ കൽക്കരി ക്ഷാമം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
|രാജ്യം നേരിടുന്ന കൽക്കരി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം
രാജ്യത്തെ കൽക്കരി ക്ഷാമം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഊർജ്ജ, കൽക്കരി വകുപ്പ് മന്ത്രിമാരും എൻഡിപിസി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാണ് ശ്രമം.
രണ്ട് ആഴ്ചക്കുള്ളിൽ കൂടുതൽ കൽക്കരി വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും സൂചനയുണ്ട്. താപ വൈദ്യുതി നിലയങ്ങളിൽ 72 ലക്ഷം ടൺ കൽക്കരി സ്റ്റോക്കുണ്ടെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യയുടെ കൈവശം നാലുകോടി ടൺ സ്റ്റോക്കുണ്ട്. അതിനിടെ രാജ്യത്തെ 11 കൽക്കരി ഖനികൾ ലേലം ചെയ്യാൻ കൽക്കരി മന്ത്രാലയം വീണ്ടും ശ്രമം തുടങ്ങി.
കൽക്കരി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി നൽകാൻ എൻഡിപിസി നിർദേശം നൽകി. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശമുണ്ട്. പല സംസ്ഥാനങ്ങളിലും താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിച്ചത്. വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളില്‍ പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ താപനിലയങ്ങളിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള കൽക്കരി മാത്രമേ ബാക്കിയുള്ളുവെന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചത്