ലോക്‌സഭാ തെരഞ്ഞെടുപ്പ്: വിറ്റുപോയത് ഭരണഘടനയുടെ പോക്കറ്റ് എഡിഷന്റെ 5000 കോപ്പികൾ
|രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്.
ലഖ്‌നോ: ഭരണഘടന നേരിടുന്ന വെല്ലുവിളികളും ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഏറ്റവും കൂടുതൽ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്. മോദി സർക്കാർ ഭരണഘടനയെ അപകടത്തിലാക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലുകാർജുൻ ഖാർഗെയും അടക്കമുള്ളവർ വലിയ പ്രചാരണമാണ് നടത്തിയത്. രാഹുൽ ഗാന്ധി പ്രചാരണ റാലികളിൽ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ ഉയർത്തിപ്പിടിച്ചാണ് സംസാരിച്ചിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ കോപ്പികൾ വൻതോതിൽ വിറ്റുപോയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. മൂന്ന് മാസത്തിനിടെ 5000 കോപ്പിയാണ് വിറ്റുപോയത്. ലഖ്‌നോ ആസ്ഥാനമായ ഈസ്‌റ്റേൺ ബുക്ക് കമ്പനിയാണ് പോക്കറ്റ് എഡിഷൻ പുറത്തിറക്കിയത്. വിൽപ്പന കുതിച്ചുയർന്നതോടെ കോപ്പികൾ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.
2023ലും 5000 കോപ്പികൾ വിറ്റുപോയതായി പ്രസാധകർ പറഞ്ഞു. ഈസ്റ്റേൺ ബുക്ക് കമ്പനി മാത്രമാണ് രാജ്യത്ത് ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ പുറത്തിറക്കുന്നത്. 20 സെന്റീ മീറ്റർ നീളവും 10.8 സെന്റീ മീറ്റർ വീതിയും 2.1 സെന്റീ മീറ്റർ കനവുമുള്ള പോക്കറ്റ് എഡിഷൻ 624 പേജാണുള്ളത്. 2009ലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് ഇതുവരെ 16 എഡിഷൻ പുറത്തിറക്കി.
''അഭിഭാഷകർക്ക് കോടതിയിൽ സുഗമമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ എന്ന ആശയം മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് മുന്നോട്ടുവച്ചത്. 2009ൽ ഏകദേശം 700-800 കോപ്പികളാണ് വിറ്റുപോയത്. പിന്നീട് ഓരോ വർഷവും ഏകദേശം 5,000-6,000 കോപ്പികൾ വിറ്റു. തെരഞ്ഞെടുപ്പ് റാലികളിലും വാർത്താസമ്മേളനങ്ങളിലും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് വർധിച്ചത്. കോപ്പികൾക്കായുള്ള അന്വേഷണങ്ങളും വിൽപ്പനയും കുതിച്ചുയരുകയും ചെയ്തു''-ഇ.ബി.സി ഡയറക്ടർ സുമീത് മാലിക് പറഞ്ഞു.
മുൻ അറ്റോർണി ജനറലും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.കെ വേണുഗോപാൽ ആണ് പുസ്തകത്തിന് ആമുഖം എഴുതിയത്. ഓരോ ഇന്ത്യക്കാരനും അയാൾ അഭിഭാഷകനോ ജഡ്ജിയോ ആവട്ടെ ഈ പുസ്തകത്തിന്റെ ഒരു കോപ്പി കയ്യിൽ കരുതണമെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു. വലിപ്പത്തിൽ ചെറുതും എന്നാൽ മാനുഷിക തലങ്ങളിൽ വലുതുമായ ഈ പുസ്തകം ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങളുടെ മഹത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റിൽ ഉണ്ടായിരിക്കണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ആമുഖത്തിൽ പറയുന്നു.
ബൗദ്ധിക സ്വത്തവകാശ പ്രകാരം തങ്ങൾക്ക് മാത്രമേ ഇത് അച്ചടിക്കാൻ അവകാശമുള്ളൂ എന്ന് ഇ.ബി.സി ഡയറക്ടർ പറഞ്ഞു. രാമനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഒരു കോപ്പി സമ്മാനിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിർന്ന ജഡ്ജിമാർ വിദേശത്ത് ഔദ്യോഗിക സന്ദർശനത്തിന് പോകുമ്പോൾ അവിടെയുള്ള ജഡ്ജിമാർക്ക് നൽകാൻ ഇത് കൊണ്ടുപോവാറുണ്ട്. ലോകത്തിന്റെ പലഭാഗത്തുമുള്ള ലൈബ്രറികളിൽ പോക്കറ്റ് എഡിഷന്റെ കോപ്പി ലഭിക്കുമെന്നും സുമീത് മാലിക് പറഞ്ഞു.