എതിർഗ്യാങ്ങിനെ കൊലവിളിച്ച് ഇൻസ്റ്റഗ്രാം റീൽസ്, പൊലീസിനെ വട്ടം കറക്കിയ യുവതി വലയില്‍
|2021ൽ പീളമേട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിറ്റതിന് ഇവർ അറസ്റ്റിലായിരുന്നു
കോയമ്പത്തൂർ: സമൂഹമാധ്യമങ്ങൾ വഴി കൊലവിളി നടത്തിയ 23കാരിയെ അറസ്റ്റു ചെയ്ത് വിരുതുനഗർ പൊലീസ്. തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് പൊലീസ് രണ്ടാഴ്ച നീണ്ട തെരച്ചിലിന് ശേഷം പിടികൂടിയത്. സേലം ജില്ലയിലെ സൻഗാഗിരിയിൽ വച്ചാണ് ഇവർ പൊലീസിന്റെ വലയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
'ഫ്രണ്ട്സ് കാൾ മി തമന്ന' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. മാരകായുധങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുള്ളതായിരുന്നു മിക്ക വീഡിയോയും. പ്രഗ ബ്രദേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലും ഇവർ സജീവമാണ്. 2021ൽ പീളമേട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിറ്റതിന് യുവതി അറസ്റ്റിലായിരുന്നു.
റീൽസ് ശ്രദ്ധയിൽപ്പെട്ട ശേഷം ഇവരെ അറസ്റ്റു ചെയ്യാനായി വിരുതുനഗർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എതിർ ക്രിമിനൽ ഗ്യാങ്ങിനെ പ്രകോപിപ്പിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. സമ്പന്നരായ യുവാക്കളെ ബ്ലാക്മെയിൽ ചെയ്ത് പണം നടത്താൻ ഇവർ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
രണ്ടു വർഷം മുമ്പ് ചെയ്ത വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്നും വിവാഹം കഴിഞ്ഞ് ഗർഭിണിയാണെന്നും ഇവർ പറയുന്നു. ഇക്കാര്യങ്ങൾ അറിയിച്ച് തിങ്കളാഴ്ച ഇവർ വീഡിയോ പങ്കുവച്ചിരുന്നു.