ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാം; ക്രിമിനൽ നടപടി ചട്ടം ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
|102 വർഷം പഴക്കമുള്ള കുറ്റവാളി തിരിച്ചറിയൽ ചട്ടം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നും കുറ്റം തെളിയിക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബിൽ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര
ക്രിമിനൽ നടപടി ചട്ടം ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അറസ്റ്റിലാകുന്നവരുടെയും ശിക്ഷയനുഭവിക്കുന്നവരുടെയും രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ,കണ്ണിലെ കൃഷ്ണമണി അടക്കമുള്ള ബയോ മെട്രിക് വിവരങ്ങൾ എന്നിവ ശേഖരിക്കാനുള്ള അധികാരം പൊലീസിന് നൽകുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്സഭയിൽ അവതരിപ്പിച്ചത്. ശക്തമായ എതിർപ്പിനിടയിൽ വോട്ടിംഗിലൂടെയാണ് ബിൽ അവതരിപ്പിച്ചത്.
58 നെതിരെ 120 പേര് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബില്ലവതരണം നടന്നത്. ശാരീരിക അളവ് അടക്കമുള്ള വിവരങ്ങൾ ക്രൈം റെക്കോഡ്സ് ബ്യുറോയിൽ 75 വർഷം വരെ സൂക്ഷിക്കാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഒരു വർഷത്തിലധികം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെ കൈ കാൽ മുദ്രകളും ഫോട്ടോയും ശേഖരിക്കാൻ മാത്രമായിരുന്നു ഇതുവരെ പൊലീസിന് അധികാരമുണ്ടായിരുന്നത്. 102 വർഷം പഴക്കമുള്ള കുറ്റവാളി തിരിച്ചറിയൽ ചട്ടം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നും കുറ്റം തെളിയിക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബിൽ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു
മൗലിക അവകാശങ്ങളെ ഇല്ലാതാക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇത് പാസാക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പൊതുആവശ്യത്തിനായി സമരം ചെയ്യുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ആവശ്യാനുസരണം വകുപ്പുകൾ തിരുകി കയറ്റി ആരോഗ്യ വിവരങ്ങൾ പോലീസ് ശേഖരിക്കുമെന്ന ആശങ്ക എൻ കെ പ്രേമചന്ദ്രനും പങ്കുവച്ചു.