കോൺഗ്രസ് എം.എൽ.എയുടെ ബംഗ്ലാവില്‍ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
|എന്താണ് മരണ കാരണമെന്ന് അറിയാൻ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്.എച്ച്.ഒ അറിയിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എയുടെ ബംഗ്ലാവിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിൻദോരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ഓംകാർ സിങ് മർകമിന്റെ ശ്യാമള ഹിൽസിലെ ഔദ്യോഗിക വസതിയിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ നിന്ന് പഠിക്കുന്ന 22കാരനായ തിരത് സിങ് എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. അർബുദ ബാധിതനായിരുന്ന വിദ്യാർഥിയെന്നും മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് കൈയക്ഷര വിദഗ്ദരുടെ പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട മനോവിഷമത്തെ കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, എന്താണ് മരണ കാരണമെന്ന് അറിയാൻ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും ശ്യാമള ഹിൽസ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു.
കമൽനാഥ് മന്ത്രിസഭയിൽ ഗോത്രവകുപ്പ് മന്ത്രിയായിരുന്നു ഓംകാർ സിങ്ങും മരിച്ച വിദ്യാർഥിയും ഡിൻദോരി സ്വദേശികളാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പരിചയക്കാരനായ വിദ്യാർഥി എം.എൽ.എയുടെ വസതിയിൽ താമസിച്ചാണ് പഠിച്ചിരുന്നത്. സംഭവ സമയം എം.എൽ.എ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർഥിയുടെ കുടുംബത്തോടൊപ്പം അദ്ദേഹം മോർച്ചറിയിൽ എത്തുകയായിരുന്നു.
മരിച്ച വിദ്യാർഥിക്ക് തൊണ്ടയിൽ അർബുദമായിരുന്നെന്നും നാല് വർഷമായി ചികിത്സയിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. ചികിത്സയ്ക്കിടെ രോഗത്തിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കുറച്ചുകാലമായി വേദന വർധിച്ചതിനാൽ തിരത് കടുത്ത വിഷമത്തിലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.