വി.എച്ച്.പി ഭീഷണി; കുനാൽ കമ്രയുടെ ഗുരുഗാവിലെ പരിപാടി റദ്ദാക്കി
|കുനാലിന്റെ തമാശകൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വസംഘടന ഭീഷണിയുമായി രംഗത്തെത്തിയത്.
ഗുരുഗാവ്: സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ ഡൽഹി ഗുരുഗാവിലെ പരിപാടി റദ്ദാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെ തുടർന്നാണ് സംഘാടകർ ഷോ റദ്ദാക്കിയത്. സെപ്തംബർ 17നും 18നും നടത്താനിരുന്ന പരിപാടിയാണ് ഹിന്ദുവിരുദ്ധമെന്ന് ആരോപിച്ചുള്ള വി.എച്ച്.പിയുടെ ഭീഷണിയെ തുടർന്ന് വേണ്ടന്നുവച്ചത്.
കുനാലിന്റെ തമാശകൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വസംഘടന ഭീഷണിയുമായി രംഗത്തെത്തിയത്. സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഡൽഹിയിൽ നടക്കാനിരുന്ന പരിപാടിക്ക് സമാന ഭീഷണി ഉയർന്നതിനെ തുടർന്ന് പൊലീസ് അനുമതി നിഷേധിച്ചതിനു ദിവസങ്ങൾക്കു ശേഷമാണ് കുനാലിനെതിരായ നീക്കമെന്നതാണ് ശ്രദ്ധേയം.
'സെപ്തംബർ 17, 18 തിയതികളിൽ ക്സോ ബാർ സ്റ്റുഡിയോയിൽ നടക്കാനിരിക്കുന്ന കുനാൽ കമ്രയുടെ പരിപാടി റദ്ദാക്കാൻ നടപടി സ്വീകരിക്കണം' എന്നാവശ്യപ്പെട്ട് വി.എച്ച്.പിയും അവരുടെ യുവജന സംഘടനയായ ബജ്രഗ്ദളും ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. കൂടാതെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ക്ലബ്ബ് അധികൃതരെ ഭീഷണിപ്പടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംഘാടകരുടെ തീരുമാനം.
"രണ്ട് ബജ്റംഗ്ദൾ പ്രവർത്തകർ വന്ന് ഷോ തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നങ്ങൾ ഒഴിവാക്കാനായി ഞങ്ങൾ പരിപാടി റദ്ദാക്കാൻ തീരുമാനിച്ചു"- സ്റ്റുഡിയോ ക്സോ ബാറിന്റെ ജനറൽ മാനേജർ സഹിൽ ദവ്റ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച, ഷോയുടെ പ്രമോഷൻ പോസ്റ്റും ക്ലബ് നീക്കം ചെയ്തു.
അതേസമയം, ഷോ റദ്ദാക്കലിനെതിരെ കുനാൽ കമ്ര രംഗത്തെത്തി. "നമ്മുടെ സംസ്കാരത്തെയും" "നമ്മുടെ ദൈവങ്ങളെയും" താൻ കളിയാക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് തെളിവില്ലെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തു. അപ്പോൾ അധികാരികൾ എന്ത് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു. പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ആക്ഷേപഹാസ്യത്തിലൂടെ രംഗത്തെത്താറുള്ള കുനാലിന്റെ പരിപാടികൾക്ക് കഴിഞ്ഞ വർഷം ബി.ജെ.പി ഭരിക്കുന്ന ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അനുമതി ലഭിച്ചിരുന്നില്ല. സംഘപരിവാർ ഭീഷണിയെ തുടർന്ന് 2021 ഡിസംബറിൽ ബെംഗളൂരു നഗരത്തിൽ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടിരുന്നു.
നേരത്തെ, സുപ്രീംകോടതിക്കെതിരായ തന്റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന് കോടതി അലക്ഷ്യ നടപടികൾ നേരിട്ട കുനാൽ കമ്ര പറഞ്ഞിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു കുനാലിന്റെ ട്വീറ്റ്.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രിംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാൽ കോടതി അലക്ഷ്യ നടപടി നേരിട്ടത്.