പാചക വാതക വില കുതിക്കുന്നു, സിലിണ്ടറിന് കൂടിയത് 43.5 രൂപ
|ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1736.5 രൂപയാണ്.
പെട്രോളിയം കമ്പനികള്‍ പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 43.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ പുതിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1736.5 രൂപയാണ്. നേരത്തെ ഇത് 1693 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ ഇത് 1805 രൂപയാണ്. 75 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വര്‍ധന. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ഓരോ 15 ദിവസത്തിലും പെട്രോളിയം കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില അവലോകനം ചെയ്യാറുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഭ്യന്തര പാചകവാതകത്തിന്റെ വില ഇരട്ടിയായി. ഗാര്‍ഹിക സിലിണ്ടറിന് 2014 ല്‍ 410 രൂപയായിരുന്നെങ്കില്‍ ഇന്ന് 14.2 കിലോ സിലിണ്ടറിന്റെ വില 884 രൂപയാണ്. സെപ്തംബര്‍ ഒന്നിനായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിച്ചത്. ഈ മാസം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാത്തത് ആശ്വാസകരമാണ്.
അതേസമയം രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവന്തപുരത്ത് 104 രൂപ 13 പൈസയാണ് പെട്രോള്‍ വില. ഡീസലിന് 95 രൂപ 56 പൈസയുമായി. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കാത്തതാണ് രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം.