സ്വാതന്ത്ര്യദിനം; രാഹുൽ ഗാന്ധിയുടെ സീറ്റിൽ പ്രോട്ടോക്കോൾ തെറ്റിച്ചതിൽ പരാതി
|രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് കെ.പി.സി.സി വക്താവ് അനിൽ ബോസ് പരാതി നൽകിയത്
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സീറ്റിൽ പ്രോട്ടോക്കോൾ തെറ്റിച്ചതിൽ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് കെ.പി.സി.സി വക്താവ് അനിൽ ബോസാണ് പരാതി നൽകിയത്. പ്രോട്ടോക്കോൾ അനുസരിച്ചു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയിലാണ്.
പ്രോട്ടോക്കോൾ തെറ്റിച്ചതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍.
അവസാന നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കർ, സരബ്ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായിരുന്നു മുൻ നിരയില്‍. ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, മലയാളി താരം പി.ആർ ശ്രീജേഷ് എന്നിവര്‍ക്കും രാഹുൽ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.