ബംഗാൾ ഗവർണർക്കെതിരായ പീഡന പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് രാജ്ഭവൻ
|രാജ്ഭവനിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രവേശിക്കുന്നത് ഗവർണർ വിലക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരായ പീഡന പരാതിയിൽ അന്വേഷണ സംഘത്തിന്റെ വഴിയടച്ച് രാജ്ഭവൻ. പ്രധാന തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ദൃശ്യങ്ങൾക്കായി പൊലീസ് കത്ത് നൽകിയത്.
സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പൊലീസ് എയിഡ് പോസ്റ്റിൽ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യമടക്കം കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നാലു ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. രാജ്ഭവനിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രവേശിക്കുന്നത് ഗവർണർ വിലക്കിയിട്ടുണ്ട്.
ഒരു സത്രീ നൽകിയ പരാതിയെ ഭരണഘടനാപരമായ പരിരക്ഷ പരമാവധി ഉപയോഗിച്ച് ഗവർണർ പൂർണമായി അവഗണിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് വേളയിലെ പ്രഹര ശേഷിയുള്ള ആയുധമായി തൃണമൂൽ കോൺഗ്രസ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ഗവർണർക്കെതിരെ ശക്തമായ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുണ്ട്. സന്ദേശ്ഖാലിയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ബംഗാൾ ഗവർണറുടെ ചെയ്തികളെ കുറിച്ച് അന്വേഷിക്കൂവെന്ന് മോദിയോട് മമത ആവശ്യപ്പെട്ടു.