India
Complaint filed against 26 Opposition parties for naming alliance ‘INDIA’, Opposition alliance, INDIA
India

INDIA: വിശാല പ്രതിപക്ഷ സഖ്യത്തിനെതിരെ പരാതി

Web Desk
|
20 July 2023 9:35 AM GMT

ഭരണഘടനയുടെ ആമുഖവും പേരും ദുരുപയോഗപ്പെടുത്തുന്നതു തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി

ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിനെതിരെ പരാതി. സഖ്യത്തിനു നൽകിയ INDIA എന്ന പേരിലാണ് സഖ്യത്തിന്റെ ഭാഗമായ 26 കക്ഷിനേതാക്കൾക്കെതിരെ ഡൽഹി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്ത്. രാജ്യത്തിന്റെ പേര് രാഷ്ട്രീയ സഖ്യത്തിനിടുന്നത് അനുചിതമാണെന്നും തെരഞ്ഞെടുപ്പിലടക്കം തെറ്റായ സ്വാധീനമുണ്ടാക്കുന്നതാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഡോ. അവിനിഷ് മിശ്ര എന്നയാളാണ് സഖ്യത്തിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്. ഭരണഘടനയുടെ ആമുഖവും പേരും(അനുചിതമായി ഉപയോഗിക്കുന്നത് തടയുന്ന) നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഏതു വ്യക്തിയും ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് നിയമം വിലക്കിയിട്ടുണ്ടെന്ന് പരാതിക്കാരൻ വാദിച്ചു.

തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളുമായി രൂപീകരിച്ച മുന്നണിയാണിത്. പ്രത്യേകിച്ചും 2024ലെ പൊതുതെരഞ്ഞെടുപ്പാണ് ഇവരുടെ ലക്ഷ്യം. അവരുടെ സഖ്യത്തിന് 'ഇന്ത്യ' എന്നു പേരിടുന്നതുവഴി തങ്ങളുടെ സഖ്യം തന്നെ രാജ്യമാണെന്ന തരത്തിൽ പ്രചാരണം നടത്തിയ വോട്ടർമാരെ തെറ്റായി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171എഫ് വകുപ്പുപ്രകാരം ശിക്ഷാനടപടിക്ക് വിധേയരാക്കേണ്ടവരാണ്-പരാതിയിൽ അവിനിഷ് ആരോപിച്ചു.

ഡൽഹിയിലെ ബാരാകമ്പ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ന്യൂഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രണവ് തായൽ അറിയിച്ചു.

ചൊവ്വാഴ്ച ബംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ യോഗത്തിലായിരുന്നു സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ജെ.ഡി.യു, ആർ.ജെ.ഡി, ജെ.എം.എം, എൻ.സി.പി(ശരദ് പവാർ വിഭാഗം), നാഷനൽ കോൺഫറൻസ്, പി.ഡി.പി, സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം), മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെ 26 കക്ഷികളാണ് സഖ്യത്തിന്റെ ഭാഗമായുള്ളത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറും ആയേക്കുമെന്നാണ് റിപ്പോർട്ട്. പൊതുമിനിമം പരിപാടി തയാറാക്കാൻ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

Summary: Complaint filed against 26 Opposition parties for naming alliance ‘INDIA’

Similar Posts