'തീരെ മര്യാദയില്ല'; അധ്യാപികക്കെതിരെ ഏഴാംക്ലാസിലെ ആൺകുട്ടികളുടെ പരാതി
|കുട്ടികളുടെ പരാതിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി
ചെന്നൈ: സോഷ്യൽമീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഒരു പരാതിക്കത്താണ്. വെറും പരാതിയല്ല, അധ്യാപികക്കെതിരെ വൈസ് പ്രിൻസിപ്പളിന് എഴുതിയ പരാതിയാണ്.. എഴുതിയതാകട്ടെ ഏഴാം ക്ലാസിലെ കുറിച്ച് ആൺപിള്ളേരും. 'ജുപിറ്റർ വാഴ്ക' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വെള്ളക്കടലാസിൽ എഴുതിയ പരാതിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
''എന്റെ അച്ഛന് അൽപം മുമ്പ് ലഭിച്ച പരാതിക്കത്താണിത്. എനിക്ക് ശ്വാസം മുട്ടുന്നു''. എന്ന അടിക്കുറിപ്പോടെയാണ് ഈ പരാതിയുടെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. പരാതി ഏതായാലും സോഷ്യൽമീഡിയ ഏറ്റെടുത്തു.
വൈറലാകാൻ മാത്രം എന്താണ് ആ പരാതിയിലുള്ളത് എന്നതല്ലേ,അത് മറ്റൊന്നുമല്ല,'' ടീച്ചർക്ക് തീരെ മര്യദയില്ല, എല്ലാവരോടും വളരെ ദേഷ്യത്തിൽ പെരുമാറുന്നു. എല്ലാ ആൺകുട്ടികളെയും കളിയാക്കുന്നു.തമിഴിൽ 'അൺപാർലമെന്റി' വാക്കുകൾ ഉപയോഗിക്കുന്നു..''.ഇത്രയുമാണ് പരാതി.
നിരവധി തവണ വെട്ടിയും തിരുത്തിയുമാണ് പരാതി എഴുതിപ്പൂർത്തിയാക്കിയിരിക്കുന്നത്. പരാതിക്ക് ഒടുവിൽ കുറച്ച് വിദ്യാർഥികളും ഒപ്പിട്ടുണ്ട്. എന്നാൽ സ്‌കൂളിന്റെ പേരോ കുട്ടികളുടെ പേരോ ഒന്നും കത്തിലില്ല. ഏഴ് ഡിയിൽ പഠിക്കുന്ന ആൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത് എന്ന് കത്തിൽ വ്യക്തമാണ്. 'ഹാഷ് ' എന്ന ടീച്ചർക്കെതിരെയാണ് പരാതി.
നിരവധി പേരാണ് പരാതിക്കത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇത് വായിച്ചപ്പോൾ ഞാൻ എന്റെ സ്‌കൂൾ കാലത്തേക്ക് പോയെന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, ഒരു അധ്യാപിക കുട്ടികളോട് മോശം വാക്കുകൾ പറയുന്നതിനെ പലരും വിമർശിച്ചു. ഈ പരാതി സത്യമാണെങ്കിൽ അധ്യാപികക്കെതിരെ നടപടിയുണ്ടാകണമെന്നും ചിലർ ആവശ്യപ്പെട്ടു. ചിലരാകട്ടെ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെഴുതിയ കത്തിൽ ഇത്രയധികം തെറ്റുകളുണ്ടാകുമോ എന്ന സംശയമാണ് പ്രകടിപ്പിച്ചത്.