India
എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തിയതായി പരാതി
India

എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തിയതായി പരാതി

Web Desk
|
6 May 2023 7:42 AM GMT

നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു

ന്യൂഡൽഹി: വിമാന യാത്രക്കാരിയെ തേൾ കുത്തിയതായി പരാതി. എയർ ഇന്ത്യാ വിമാനത്തിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു.

ഏപ്രിൽ 23നാണ് സംഭവം നടന്നതെന്നും നിലവിൽ യാത്രക്കാരിക്ക് ശാരീക ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്തിനുള്ളിൽ പക്ഷികളെയും എലികളെയുമെല്ലാം കാണുന്ന സംഭവങ്ങളുണ്ടാകാറുണ്ടെങ്കിലും ഒരു യാത്രക്കാരിയെ തേള് കുത്തുന്ന സംഭവം ഇത് ആദ്യമാണ്. എയർ ഇന്ത്യയുടെ എ.ഐ 630 എന്ന വിമാനത്തിലാണ് സംഭവം.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരൻ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചത് ഏറെ വിവാദമായിരുന്നു. കേസിൽ എയർ ഇന്ത്യക്ക് എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഡയറക്ടർ-ഇൻ-ഫ്ലൈറ്റിനു 3 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

കേസിലെ പ്രതി ശങ്കർ മിശ്രക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ശങ്കർമിശ്രയെ നേരത്തേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. പട്യാല ഹൗസ് കോടതിയാണ് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭവത്തിൽ കൂടുതൽ നടപടി ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ശേഷം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

2022 നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കിയിരുന്നു.

Similar Posts