രോഗിയായ മലയാളി വിദ്യാർഥിക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചതായി പരാതി
|സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യാത്ര തടഞ്ഞത്
തിരുവനന്തപുരം: ജോർജിയയിൽ നിന്നെത്തിയ രോഗിയായ മലയാളി വിദ്യാർഥിക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചതായി പരാതി.തിരുവനന്തപുരം സ്വദേശി ദിഷൻ വിക്ടറിന്റെ യാത്രയാണ് മുടങ്ങിയത്.സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ യാത്ര തടഞ്ഞത്.ചികിത്സക്ക് ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയാണ് നിഷേധിച്ചത്.
ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എയർഇന്ത്യ വിമാനത്തിൽ പോകേണ്ടയാളാണ് ദിഷൻ വിക്ടർ.ഇതിനായി ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ബോർഡിങ് സമയത്താണ് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും പകരം സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടത്. ഇതിനായി നേരത്തെ ബുക്ക് ചെയ്യേണ്ടിയിരുന്നെന്നും പറഞ്ഞ് യാത്ര നിഷേധിച്ചെന്നാണ് വിദ്യാർഥിയുടെ പരാതി.
രണ്ടുമാസം മുമ്പാണ് ജോർജിയയിൽവെച്ച് ദിഷന് അപകടത്തിൽപ്പെട്ട് പരിക്കേറ്റത്. കൂടുതൽ ചികിത്സക്കായാണ് കോയമ്പത്തൂരിലേക്ക് പോകാനായി ഡൽഹിയിലെത്തിയത്. സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യാൻ ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയോളം വേണം. ബിസിനസ് ക്ലാസിൽ പോകുന്നതിന് യാതൊരു പ്രശ്‌നമില്ലെന്നും രോഗത്തെ സംബന്ധിച്ച എല്ലാ വിവരവും നേരത്തെ തന്നെ എയർഇന്ത്യയെ അറിയിച്ചിരുന്നെന്നും പരാതിയിലുണ്ട്.