India
Concerned over false propaganda about Gyanwapi Masjid, must follow Places of Worship Act 1991: Jamaat-e-Islami Hind
India

ഗ്യാൻവാപി മസ്ജിദ്: തെറ്റായ പ്രചാരണത്തിൽ ആശങ്ക, 1991ലെ ആരാധനാലയ നിയമം പാലിക്കണം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Web Desk
|
31 Jan 2024 3:23 PM GMT

ഗ്യാൻവാപി മസ്ജിദിൽ കോടതിയാണ് വിധി പറയേണ്ടതെന്നും മുൻവിധിയോടെയുള്ള മാധ്യമ പ്രചാരണം കൊണ്ടല്ലെന്നും ജമാഅത്തെ ഇസ്‌ലാമി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെഐഎച്ച്) വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ. വാർത്താകുറിപ്പിലൂടെയാണ് അദ്ദേഹം ആശങ്ക വ്യക്തമാക്കിയത്.

'ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജുഡീഷ്യറിയെ സ്വാധീനിക്കാനും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വിവാദ വിഷയത്തിൽ എഎസ്‌ഐ റിപ്പോർട്ട് നിർണായക തെളിവല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വിശ്വസിക്കുന്നു' മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ മാലിക് മുഅ്തസിം ഖാൻ പറഞ്ഞു.

1991ലെ ആരാധനാലയ നിയമം എല്ലാ നിലക്കും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും 1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം സംരക്ഷിക്കുന്നതിന് ഈ നിയമം ഒരു ഗ്യാരണ്ടി നൽകുന്നുവെന്നും ജമാഅത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നത് അവകാശവാദങ്ങളും പ്രതിവാദങ്ങളും തുടരുന്ന സ്ഥിതിയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

84,000-ത്തിലധികം ബുദ്ധവിഹാരങ്ങളും സ്തൂപങ്ങളും പ്രതിമകളും ഹിന്ദു രാജാക്കന്മാർ തകർത്തുവെന്ന് ബുദ്ധമതക്കാരും ആയിരക്കണക്കിന് ജൈന ക്ഷേത്രങ്ങൾ ഹിന്ദു ക്ഷേത്രങ്ങളാക്കിയെന്ന് ജൈനരും അവകാശപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളും ഒരു കാലത്ത് ജൈന ക്ഷേത്രങ്ങളായിരുന്നുവെന്ന് ജൈനർ അവകാശപ്പെടുന്നതും ഓർമിപ്പിച്ചു. രാജ്യത്തെ 2000 മസ്ജിദുകളുടെ പട്ടിക ഹിന്ദുക്കളുടെ കയ്യിലുണ്ട്, അവ ഹിന്ദു ക്ഷേത്രങ്ങൾക്ക് മുകളിൽ നിർമിച്ചതാണെന്ന് അവർ അവകാശപ്പെടുന്നു. ഈ ആരാധനാലയങ്ങൾ പുതിയ അവകാശവാദികൾക്ക് കൈമാറുമോ? അത് അരാജകത്വത്തിലേക്ക് നയിക്കും. ചരിത്രത്തെ പിറകോട്ട് കൊണ്ടുപോകാനും വൈകാരിക പ്രശ്‌നങ്ങൾ ഉയർത്തി വോട്ട് ബാങ്ക് രാഷ്ട്രീയം നടത്താനും നാം അനുവദിക്കരുതെന്നും കുറിപ്പിൽ പറഞ്ഞു.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലും മസ്ജിദിന് കീഴിൽ ഇസ്‌ലാമികമല്ലാത്ത ഒരു ഘടനയുണ്ടെന്ന് എഎസ്‌ഐ അവകാശപ്പെട്ടിരുന്നുവെന്ന് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു. എന്നാൽ, രാമക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് നിർമിക്കാനുള്ള ഒരു സാധ്യതയുമില്ലെന്ന പ്രമുഖ പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിനാണ് സുപ്രിംകോടതി മുൻതൂക്കം നൽകിയതെന്നും ചൂണ്ടിക്കാട്ടി.

ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള എഎസ്‌ഐ റിപ്പോർട്ട് വിദഗ്ധർ സമഗ്രമായി അവലോകനം ചെയ്യണമെന്നും അതിന്റെ വിധി കോടതിയാണ് നിർണയിക്കേണ്ടതെന്നും മുൻവിധിയോടെയുള്ള മാധ്യമ പ്രചാരണം കൊണ്ടല്ലെന്നുമുള്ള ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ (എഐഎംപിഎൽബി) വീക്ഷണത്തെ ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.

'സത്യത്തിന്റെയും നീതിയുടെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഒരു പ്രത്യേക സമൂഹത്തിന് അനുകൂലമായി പക്ഷപാതപരമായി പ്രവർത്തിക്കാൻ സർക്കാർ സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ജുഡീഷ്യറി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ഗ്യാൻവാപി മസ്ജിദിനെക്കുറിച്ച് ഒരു അഭിപ്രായവും രൂപപ്പെടുത്തരുതെന്ന് ഞങ്ങൾ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്, ഒരു പ്രത്യേക മതത്തിലോ സംസ്‌കാരത്തിലോ ഉള്ള ആളുകൾക്ക് പ്രത്യേക അവകാശങ്ങളോ പദവികളോ നൽകുന്നില്ല' ജമാഅത്ത് വൈസ് പ്രസിഡൻറ് പറഞ്ഞു.

Concerned over false propaganda about Gyanwapi Masjid, must follow Places of Worship Act 1991: Jamaat-e-Islami Hind

Similar Posts