കമ്പിവേലികൾ, ഇരുമ്പാണി പലകകൾ, കോൺഗ്രീറ്റ് കട്ടകൾ...; കർഷക സമരത്തെ നേരിടാൻ കനത്ത സുരക്ഷാ നടപടികളുമായി പൊലീസ്
|കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി 'ചലോ മാർച്ചു'മായി മുന്നോട്ട് പോവാൻ കർഷകർ തീരുമാനിച്ചത്.
ന്യൂഡൽഹി: കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ച് തടയാൻ കർശന സുരക്ഷാ നടപടികളുമായി പൊലീസ്. ഡൽഹയിലേക്കുള്ള പ്രതിഷേധ മാർച്ച് തടയാൻ ഡൽഹിയുടെയും അയൽ സംസ്ഥാനങ്ങളുടെയും അതിർത്തികളിലാണ് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. കർഷകർ കൂട്ടമായി ട്രാക്ടറുകളിലാണ് എത്തുന്നത്. ഇത് തടയാനായി ആണി പതിപ്പിച്ച പലക കഷ്ണങ്ങൾ, കമ്പിവേലികൾ , സിമന്റ് കട്ടകൾ തുടങ്ങിയവ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
അംബാല, ജിന്ദ്, ഫത്തേഹാബാദ്, കുരുക്ഷേത്ര, സിർസ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കോൺക്രീറ്റ് ബ്ലോക്കുകൾ, ഇരുമ്പ് ആണികൾ, മുള്ളുവേലി എന്നിവ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കിയത്. കനത്ത പൊലീസ് സുരക്ഷയും പ്രതിഷേധക്കാരെ നേരിടാനായി ഒരുക്കിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ക്രൈംബ്രാഞ്ച് എന്നിവയുൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
അതിനിടെ, പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായി. പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ തകർത്തു. കർഷകരുടെ ട്രാക്ടറുകൾ പൊലീസ് പിടിച്ചെടുത്തു.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോവാൻ കർഷകർ തീരുമാനിച്ചത്. പഞ്ചാബിലും ഹരിയാനയിലും ജനങ്ങൾ ദുരിതം നേരിടുന്നുവെന്നും ഈ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി സർക്കാർ കാണുന്നില്ലെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സമര സമിതി ജനറൽ സെക്രട്ടറി സർവൺ സിംഗ് പാന്തർ പറഞ്ഞു. കർഷകർക്കെതിരേ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രിംകോടതി ബാർ അസോസിയേഷൻ കത്തയച്ചു.
ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ ഇന്നലെ രാത്രിയോടെ കർഷകർ എത്തിയിരുന്നു. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോയെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോയത് .