ന്യായ് യാത്രക്കിടയിലെ സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു
|കെ.സി. വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെയും കേസ്
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കനയ്യ കുമാർ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാർക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. മേഘാലയിലെ പര്യടനത്തിനുശേഷം ഇന്ന് രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്ര പൊലീസ് തടഞ്ഞത്.
ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്ത് യാത്രക്ക് ഗുവാഹത്തിയിലേക്ക് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് യാത്രയെ തടഞ്ഞത്. ഇതോടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പൊലീസ് ബാരിക്കേഡ് തകർത്തു. പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി.
പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. നിർഭയമായി യാത്ര തുടരുമെന്നും അനുമതി നിഷേധിക്കുന്ന അസം സർക്കാറിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബാരിക്കേഡ് പൊളിച്ചതിലാണ് കേസ് എടുക്കാം നിർദേശം നൽകിയത്. ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും രാഹുൽ പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ എക്സിൽ കുറിച്ചിരുന്നു.