സംഭാൽ ജുമാമസ്ജിദ് സർവേക്കിടെ സംഘർഷം; വാഹനങ്ങൾ കത്തിച്ചു, ലാത്തിവീശി പൊലീസ്
|മുഗൾ ഭരണ കാലത്ത് നിർമിച്ച മസ്ജിദിൽ സർവേ നടത്താൻ കഴിഞ്ഞദിവസമാണ് കോടതി അനുമതി നൽകിയത്
ലഖ്നൗ: ഉത്തർ പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് സർവേക്കിടെ സംഘർഷം. സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ടിയർ ഗ്യാസും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഘർഷത്തിനിടെ ചില വാഹനങ്ങൾ അഗ്നിക്കിരയായി. സർവേ പൂർത്തിയായെന്നും ഉദ്യോഗസ്ഥർ സുരക്ഷിതമായി തിരിച്ചുപോയെന്നും പൊലീസ് അറിയിച്ചു.
മുഗൾ ഭരണ കാലത്ത് നിർമിച്ച മസ്ജിദിൽ സർവേ നടത്താൻ കഴിഞ്ഞദിവസമാണ് കോടതി അനുമതി നൽകിയത്. ഹരിഹർ ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന ഹരജിയിലായിരുന്നു കോടതിയുടെ നിർദേശം.
ഞായറാഴ്ച രാവിലെ ഏഴിനാണ് അഡ്വക്കറ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സർവേ ആരംഭിച്ചത്. ഇതിനിടെ സ്ഥലത്ത് തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തിൽനിന്ന് ചിലർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അക്രമികളെ കണ്ടെത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഗ്യാൻവാപി-കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ജിദുകൾക്കെതിരെ ഹരജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരിശങ്കർ ജെയിനുമാണ് സംഭാൽ മസ്ജിദിലും സർവേ ആവശ്യപ്പെട്ട് ഹരജി നൽകിയത്. ഹരിഹർ മന്ദിർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗൾ ചക്രവർത്തിയായിരുന്ന ബാബർ തകർത്താണ് അവിടെ മസ്ജിദ് പണിതതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിയിൽ കേന്ദ്ര സർക്കാർ, യുപി സർക്കാർ, മസ്ജിദ് കമ്മിറ്റി, സംഭാൽ ജില്ലാ കലക്ടർ എന്നിവരെ കോടതി കക്ഷികളാക്കിയിട്ടുണ്ട്.
വിഷയത്തിൽ സർക്കാരും സുപ്രിംകോടതിയും ജാഗ്രതയോടെ ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദ് സംബന്ധിച്ച പെട്ടെന്നുള്ള വിവാദവും സർവേയും ദേശീയ തലത്തിൽ വാർത്തകൾക്കും ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാരും സുപ്രിംകോടതിയും ജാഗ്രത പുലർത്തണമെന്നും മായാവതി പറഞ്ഞു.