ബിഹാറിൽ നിതീഷുമായുള്ള കൂട്ടുകെട്ടിൽ ആശയക്കുഴപ്പം; ഉപാധികൾവെച്ച് ബിജെപി
|122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും
പട്ന: ബിഹാറിൽ ജെഡിയു - ബിജെപി കൂട്ടുകെട്ടിൽ ആശയക്കുഴപ്പമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിൽ ബിജെപി ഉപാധികൾ വെച്ചിട്ടുണ്ട്. നിതിഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന.
ഇതിനുശേഷം പിന്തുണ അറിയിക്കുന്ന കത്ത് നൽകാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ പിന്തുണ അറിയിക്കുന്ന കത്ത് ആദ്യം നൽകിയ ശേഷം രാജിവെക്കാമെന്നാണ് ജെഡിയു പറയുന്നത്.
ഞായറാഴ്ച രാവിലെ പത്തിന് ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, കോൺഗ്രസ്, ആർജെഡി എംഎൽഎമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. നിതീഷിനെ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.
243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സിപിഐ 2, സിപിഎം 2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.
122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും. ജെഡിയു പിൻമാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരും ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. ഏഴ് കോൺഗ്രസ് എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നാണ് സൂചന. തങ്ങൾക്ക് ചില കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് ജെഡിയു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎമാർ കൂറുമാറുന്നത് തടയാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ഇന്നലെ മുഴുവൻ എംഎൽഎമാരും എത്താത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗമാണ് കോൺഗ്രസ് ഇന്ന് ചേരുന്നത്. സ്വന്തം പാർട്ടിയിൽ നിന്നുള്ള എംഎൽഎമാരുടെ ചോർച്ച തടയുന്നതിന് ഒപ്പം ഹിന്ദുസ്ഥാനി അവാമി മോർച്ചയുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവും മുന്നണിക്കുണ്ട്. അതേസമയം, ഹിന്ദുസ്ഥാനി അവാമി മോർച്ചയെ ഒപ്പം ചേർക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. ബംഗാൾ സന്ദർശനം മാറ്റിവെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയും ബിഹാറിൽ എത്തുന്നത്.