ബംഗാളിൽ കോൺഗ്രസ്- ഇടത് സഖ്യത്തിന് ധാരണ; 12 സീറ്റിൽ കോണ്‍ഗ്രസ്
|ബാക്കി സീറ്റിൽ ഇടത് പാർട്ടികൾ മത്സരിക്കാൻ ധാരണയായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കും. ബാക്കി സീറ്റിൽ ഇടത് പാർട്ടികൾ മത്സരിക്കാൻ ധാരണയായി.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 12 എണ്ണവും കോൺഗ്രസിന് വിട്ടുകൊടുക്കാൻ സിപിഐ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവരടങ്ങുന്ന ഇടതുമുന്നണി സമ്മതിച്ചതായി സി.പി.എം വൃത്തങ്ങൾ അറിയിച്ചു. പുതിയ തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സന്തോഷം പ്രകടിപ്പിച്ചു. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുർഷിദാബാദ് മണ്ഡലം സി.പി.എമ്മിന് നല്കാന് തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതിനിടെ, ആറ് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഐഎസ്എഫ്(ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്) ധാരണയായതായാണ് റിപ്പോർട്ട്. ഐഎസ്എഫ് നേതാവ് നേതാവ് നൗഷാദ് സിദ്ദിഖി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിക്കും.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. ചില സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാനായില്ല.