'എന്റെ വീട്, രാഹുലിന്റേം'; സ്വന്തം വീടിന് മുമ്പിൽ ബോർഡുയർത്തി കോൺഗ്രസ് നേതാവ്
|എംപിയെന്ന നിലയിൽ അനുവദിച്ച വീട് ഏപ്രിൽ 22നകം ഒഴിയണമെന്നാണ് രാഹുലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വാരാണസി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് അജയ് റായ്. യുപി വാരാണസിയിലുള്ള തന്റെ വീടിന് മുമ്പിൽ, ഇത് രാഹുലിന്റെ കൂടി വീടാണ് എന്ന് റായ് ബോർഡ് വച്ചു. 'മേരാ ഘർ, രാഹുൽ ഗാന്ധി കാ ഘർ' (എന്റെ വീട്, രാഹുൽഗാന്ധിയുടെയും) എന്ന ബോർഡാണ് റായും ഭാര്യയും വീടിന് മുമ്പിൽ വച്ചത്.
നഗരത്തിലെ ലാഹുറബിർ മേഖലയിലാണ് മുൻ എംഎൽഎ കൂടിയായ അജയ് റായിയുടെ വീട്. രാജ്യത്തെ ഏകാധിപതികൾ രാഹുൽ ഗാന്ധിയുടെ വീട് തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്നവർക്കറിയില്ല. ബാബ വിശ്വനാഥിന്റെ നഗരത്തിൽ ഈ വീട് ഞങ്ങൾ രാഹുൽ ഗാന്ധിക്കു കൂടി സമർപ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അജയ് റായ്.
എംപിയെന്ന നിലയിൽ അനുവദിച്ച വീട് ഏപ്രിൽ 22നകം ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2005 മുതൽ താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വീട് ഒഴിയുമെന്ന് രാഹുൽ മറുപടി നൽകിയിട്ടുണ്ട്.
അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കവെയാണ് കോൺഗ്രസ് നേതാവിനോട് വീടൊഴിയാൻ സർക്കാർ ആവശ്യപ്പെട്ടത്. അവകാശങ്ങളെ കുറിച്ച് മുൻവിധികളൊന്നുമില്ലാതെ കത്തിലെ നിർദേശങ്ങൾ പാലിക്കും എന്നാണ് രാഹുൽ മറുപടി നൽകിയത്.