'ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം രാഹുൽ ചെയ്തു, പോരാട്ടം തുടരും' അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ്
|അദാനി-മോദി ബന്ധം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ദിവസമാണ് ഗൂഢാലോചന ആരംഭിച്ചതെന്നു കെ.സി വേണുഗോപാൽ
ന്യൂഡൽഹി: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ്. റോഡ് മുതൽ പാർലമെൻറ് വരെ അദ്ദേഹം നിങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുകയായിരുന്നുവെന്നും ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഗൂഢാലോചനകളുണ്ടെങ്കിലും അയോഗ്യതക്കെതിരെ എല്ലാ തരത്തിലുമുള്ള പോരാട്ടം അദ്ദേഹം തുടരും. പോരാട്ടം തുടരുന്നു- കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു. മോദിയും അദാനിയും ഒന്നിച്ച് വിമാനത്തിലിരിക്കുന്ന ഫോട്ടോ രാഹുൽ ഗാന്ധി പാർലമെൻറിൽ പ്രദർശിപ്പിക്കുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് അഞ്ചിന് കോൺഗ്രസ് അടിയന്തരയോഗം ചേരും.
രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് എന്നാൽ സത്യം പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാനി ഓഹരി തട്ടിപ്പിൽ ജെപിസി ആവശ്യപ്പെടുന്നത് തുടരുമെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ യുദ്ധക്കളത്തിൽ തങ്ങൾ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തു. 'ഞങ്ങളെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ല. പ്രധാനമന്ത്രിയ്ക്ക് ബന്ധമുള്ള അദാനി അഴിമതിയെ കുറിച്ച് പാർലമെൻററി സമിതി അന്വേഷിക്കുന്നതിന് പകരം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഓം ശാന്തി' ജയ്‌റാം രമേഷ് ട്വിറ്ററിൽ കുറിച്ചു.
അദാനി-മോദി ബന്ധം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ദിവസമാണ് ഗൂഢാലോചന ആരംഭിച്ചതെന്നും ബിജെപി സർക്കാർ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ മനോഭാവമാണ് ഈ നടപടിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വിമർശിച്ചു.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയത്. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.
രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.
വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.
Congress against cancellation of Lok Sabha membership of party leader Rahul Gandhi