'അപലപനീയം'; ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറാക്കിയത് തെറ്റായ സമീപനമെന്ന് കോൺഗ്രസ്
|കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ന്യൂഡൽഹി: അയോധ്യാ കേസിൽ വിധി പറഞ്ഞ സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുൽ നസീറിനെ ഗവർണറാക്കിയതിനെതിരെ കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. ഇത് അപലപനീയമായ തീരുമാനമാണ്. നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും സിങ്‌വി പറഞ്ഞു.
അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലി 2012ൽ നടത്തിയ പ്രസ്താന ചൂണ്ടിക്കാട്ടിയായിരുന്നു സിങ്‌വിയുടെ വിമർശനം. വിരമിക്കുന്നതിന് മുമ്പുള്ള ജഡ്ജിമാരുടെ വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളിൽ സ്വാധീനമുണ്ടാകുമെന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നുമായിരുന്നു ജയ്റ്റ്‌ലി പറഞ്ഞത്.
ജസ്റ്റിൽ അബ്ദുൽ നസീറിനെ നിയമിച്ചതിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ജഡ്ജിമാർ വിരമിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് പുതിയ പദവികളിൽ നിയമിക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ത്യൻ ജുഡീഷ്യറിയെ പരിഹസിക്കുകയാണെന്നും ബൃന്ദ പറഞ്ഞു.
ജസ്റ്റിസ് അബ്ദുൽ നസീറിന് ലഭിച്ചിരിക്കുന്ന ഗവർണർ പദവി ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ സംഘപരിവാർ അഭിഭാഷക സംഘടനയുടെ ചടങ്ങിൽ പങ്കെടുത്ത മുൻ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രം വാഗ്ദാനം ചെയ്ത പുതിയ പദവി അബ്ദുൽ നസീർ നിരസിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.