India
ബി.ജെ.പിയെ കോൺഗ്രസിന് ഒറ്റയ്ക്ക് തോൽപ്പിക്കാനാവില്ല; ചിന്തൻ ശിബിറിൽ പ്രമേയം
India

'ബി.ജെ.പിയെ കോൺഗ്രസിന് ഒറ്റയ്ക്ക് തോൽപ്പിക്കാനാവില്ല'; ചിന്തൻ ശിബിറിൽ പ്രമേയം

Web Desk
|
15 May 2022 4:39 AM GMT

മതേതര നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കന്മാർ ആവശ്യപ്പെട്ടു

ബിജെപിയെ കോൺഗ്രസിന് ഒറ്റയ്ക്ക് തോൽപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി ചിന്തൻ ശിബിറിൽ പ്രമേയം. സഖ്യകക്ഷികളുമായി ചേർന്ന് തെരെഞ്ഞെടുപ്പിനെ നേരിടണമെന്നും ദേശസുരക്ഷ കൈകാര്യം ചെയ്യുന്നതിൽ ബിജെപിക്കു വീഴ്ച സംഭവിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു. അതേസമയം ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്ന രീതിയിൽ കോൺഗ്രസിൽ ആശയകുഴപ്പം തുടരുകയാണെന്ന വിമർശനവും ഉയർന്നു.

11 മണിക്ക് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. ബിജെപിയെ പല കോണുകളിൽ നിന്നും ആക്രമിക്കാനുള്ള പ്രമേയം തന്നെയാണ് ഇപ്പോൾ ചർച്ച ചെയ്യാൻ പോകുന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് വേണ്ടി പല സംഘടനകളുമായി സഹകരിക്കേണ്ടി വരും. സഹകരിച്ചു പ്രവർത്തിക്കേണ്ട പട്ടികയിൽ നിന്നും മത സംഘടനകളെ ഒഴിവാക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതി പരിഗണിക്കും.

മതേതര നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കന്മാർ ആവശ്യപ്പെട്ടു. ദേശീയത ഉയർത്തിപ്പിടിച്ചാണ് ബിജെപി പ്രവർത്തിക്കുന്നത്, അത്‌കൊണ്ട് ബിജെപിയുടെ കപട ദേശീയതയെ വെളിച്ചത്തു കൊണ്ടുവരാൻ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവയ്ക്കുന്നു. ചൈനയുടെ അതിർത്തി പ്രശ്‌നമടക്കം കോൺഗ്രസ് പ്രമേയത്തിൽ ചർച്ചയാകുന്നു. ജാതി സെൻസസിന് അനുകൂലമായ നിലപാട് എടുക്കണം എന്ന തരത്തിലുള്ള ചർച്ചയും ഇന്നലെ ഉയർന്നിരുന്നു.

ജാതി സെൻസസ് വേണമെന്ന് ആർ.ജെ.ഡിയും എസ്.പിയും ഉൾപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെടുമ്പോൾ അതിന് അനുകൂലമായതോ അല്ലത്തതോ ആയ നിലപാട് സ്വീകരിക്കാതെ വീരപ്പ മൗലി അധ്യക്ഷനായിട്ടുള്ള സമിതി ഇക്കാര്യം പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കട്ടെ എന്ന് പറഞ്ഞ് കാര്യങ്ങൾ നീട്ടിക്കൊണ്ടു പോവുകയാണ് പാർട്ടി ചെയ്തത്. മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയം ഒരു ഭാഗത്ത് ശക്തമായി ബിജെപി കൊണ്ടുപോകുമ്പോൾ അതിനെ മറികടക്കാനായിട്ട് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കണം എന്നുള്ള ചിന്തയുമുണ്ട്. അത് ജാതി വാദത്തിലേക്ക് പോകാതെ ജാതി സെൻസസ് നടത്തണമെന്നുള്ള ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.


Similar Posts