നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; ബി.ജെ.പി വിട്ടെത്തിയ ജഗദീഷ് ഷെട്ടാർ ഹൂബ്ലി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കും
|ഏഴ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്
ബംഗളൂരു:കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 7 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പി വിട്ടെത്തിയ ജഗദീഷ് ഷെട്ടാർ ഹൂബ്ലി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കും. ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ളത് 7 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ്.
43 സ്ഥാനാർഥികളെയാണ് മൂന്നാമത്തെ പട്ടികയിൽ പ്രഖ്യാപിച്ചത്. മെയിലാണ് കർണാടക നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ആകെ 225 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മിക്കയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിടിച്ചിരുന്നു.
മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയിൽ നിന്ന് മത്സരിക്കും. ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ കെ.എച്ച്. മുനിയപ്പയും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവനഹള്ളിയിലാണ് അദ്ദേഹം മത്സരിക്കുക. സാവദി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.
മലയാളികളും ഇത്തവണ സജീവമായി രംഗത്തുണ്ട്. എൻഎ ഹാരിസ് ശാന്തിനഗറിൽ നിന്നും കെജെ ജോർജ് സർവജ്ഞനഗറിൽ നിന്നും മത്സരിക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും സ്ഥാനാർഥി പട്ടികയിലുണ്ട്. ചിത്താപുറിൽ നിന്ന് തന്നെയാണ് പ്രിയങ്ക് ജനവിധി തേടുക. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണൽ മെയ് 13നാണ്.
അതിനിടെ, ബാഗേപള്ളി സീറ്റിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം സ്ഥാനാർഥി ഡോക്ടർ അനിൽകുമാറിന് പിന്തുണ നൽകാൻ ജെഡിഎസ് തീരുമാനിച്ചേക്കും. 2018ൽ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്ന ഡോക്ടർ സി ആർ മനോഹർ 38302 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു. 14000 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി ജി വി ശ്രീരാമറെഡി കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നത്.
എൻസിപിയും ഇത്തവണ കർണാടകയിൽ 40 ലധികം സീറ്റുകളിൽ മത്സരിക്കും. ഏതൊക്കെ സീറ്റുകൾ സ്ഥാനാർത്ഥികൾ എന്നിവ സംബന്ധിച്ചു രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകും.