India
Congress approaches election commission against modis meditation in vivekananda rock kanyakumari
India

'മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനം'; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

Web Desk
|
29 May 2024 4:43 PM GMT

അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്.

ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്ന് ദിവസത്തെ ധ്യാനത്തിന് പോവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺ​ഗ്രസ്. മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോൺ​ഗ്രസ് കമ്മീഷനെ അറിയിച്ചു.

വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരാനോ വാർത്തകളിൽ നിറഞ്ഞുനിൽക്കാനോ വേണ്ടിയുള്ള തന്ത്രമാണിത്. ‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശിക്കണമെന്ന് ഞങ്ങൾ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് നാളെ തന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’- അഭിഷേക് സിങ്‍വി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തുവന്നു. ആരെങ്കിലും ക്യാമറയുമായി ധ്യാനത്തിന് പോവുമോ എന്നായിരുന്നു മമതയുടെ ചോദ്യം.

‘ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോവുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോവുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും’- മമത വ്യക്തമാക്കി.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. 2000ലേറെ പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനു ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോവും.

ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കാലത്ത് മോദി ധ്യാനമിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ രു​ദ്ര​ദാ​ന ഗു​ഹ​യി​ലായിരുന്നു 17 മ​ണി​ക്കൂ​ർ ധ്യാ​നം. ഗു​ഹ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന ചി​ത്രം മോ​ദി ​ത​ന്നെ സോ​ഷ്യ​ൽമീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ചി​​ത്രം വൈ​റ​ലായതോടെ ട്രോളുകൾക്കും രാ​ഷ്ട്രീ​യ ച​ർ​ച്ച​കൾക്കും വ​ഴി​വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നാണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചത്.

Similar Posts