'നിങ്ങളുടെ സഹതാപം ആവശ്യമില്ല'; സീറ്റ് വിഭജനത്തിൽ മമതയുമായി ഇടഞ്ഞ് കോൺഗ്രസ്
|ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടിയാവുകയാണ് കോൺഗ്രസ്-തൃണമൂൽ തർക്കം.
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇൻഡ്യ മുന്നണിയിൽ തർക്കം. ബംഗാളിൽ മമത തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. 42 ലോക്‌സഭാ സീറ്റുള്ള ബംഗാളിൽ രണ്ട് സീറ്റാണ് മമത കോൺഗ്രസിന് വാഗ്ദാനം ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പി.സി.സി അധ്യക്ഷനും ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി ഉന്നയിച്ചത്.
''മമതാ ബാനർജിയുടെ യഥാർഥ ഉദ്ദേശ്യം പുറത്തായി. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകുമെന്നാണ് അവർ പറയുന്നത്. കോൺഗ്രസിന് ഇപ്പോൾ തന്നെ രണ്ട് എം.പിമാരുണ്ട്. പുതുതായി അവർ എന്താണ് ഞങ്ങൾ നൽകുന്നത്? മമതയേയും ബി.ജെ.പിയേയും പരാജയപ്പെടുത്തിയാണ് ഈ രണ്ട് സീറ്റ് ഞങ്ങൾ നേടിയത്. എന്ത് ഉപകാരമാണ് അവർ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നത്? കോൺഗ്രസിന് ഒറ്റക്ക് മത്സരിച്ച് കൂടുതൽ സീറ്റുകൾ നേടാൻ ശേഷിയുണ്ട്. മമതയുടെ ഔദാര്യം ആവശ്യമില്ല'' -അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
അതേസമയം അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി നേതാവിനെപ്പോലെയാണ് അധീർ ചൗധരി പെരുമാറുന്നതെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷ് പറഞ്ഞു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റക്ക് മത്സരിച്ചാണ് വിജയിച്ചത്. എന്നാൽ അധീർ ചൗധരിയുടെ പാർട്ടി സി.പി.എം സഖ്യത്തിനൊപ്പം മത്സരിച്ചിട്ടും വട്ടപൂജ്യമാണ് ലഭിച്ചത്. അദ്ദേഹം എന്താണ് പറയുന്നത്? ബി.ജെ.പിക്കെതിരെ പോരാടാൻ തൃണമൂലിന് ആരുടെയും സഹായം ആവശ്യമില്ല. ഇൻഡ്യ മുന്നണിയുടെ താത്പര്യം പരിഗണിച്ചാണ് മമതാ ബാനർജി സഹകരണത്തിന് തയ്യാറാവുന്നത്. എന്നാൽ കോൺഗ്രസ് ഇരട്ടമുഖമുള്ള കളിയാണ് കോൺഗ്രസ് കളിക്കുന്നതെന്നും കുനാൽ ഘോഷ് ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച് ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് മമതാ ബാനർജി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. രാജ്യത്തിനാകെ ഇതൊരു മാതൃകയായിരിക്കും. മറ്റൊരു പാർട്ടിക്കും ഇത് ചെയ്യാനാവില്ലെന്നും മമത പറഞ്ഞിരുന്നു.