കോൺഗ്രസിനെ നയിക്കുന്നത് 'അർബൻ നക്സലുകൾ', അവരുടേത് അപകടകരമായ അജണ്ട; നരേന്ദ്രമോദി
|കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു നീക്കവും കോൺഗ്രസ് നടത്തിയിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി
ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്സലുകളുടെ സംഘമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടേത് അപകടകരമായ അജണ്ടയാണെന്നും കോൺഗ്രസിനെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
സ്വാർഥ രാഷ്ട്രീയ താൽപര്യത്തിനായി പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ് കോൺഗ്രസിന്റെ രീതിയെന്നും പാവപ്പെട്ട സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ അവർ ശ്രമിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. നമ്മൾ എല്ലാവരും ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള അജണ്ട പരാജയപ്പെടുമെന്ന് അവർ ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷം മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഡൽഹിയിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. സംഭവത്തിന്റെ മുഖ്യകണ്ണിയായി പ്രവർത്തിച്ചത് പ്രമുഖനായ കോൺഗ്രസ് നേതാവാണെന്ന് തെളിഞ്ഞിരുന്നു. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് അതിൽ നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. മോദി ആരോപിച്ചു.
ബ്രിട്ടീഷ് ഭരണാധികാരികളുടെ പിൻഗാമികളെ പോലെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും അവർ തുല്യരായി കണക്കാക്കുന്നില്ല. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവർ എപ്പോഴും അപകീർത്തികരമായ മനോഭാവം പുലർത്തുന്നത്. ഒരു കുടുംബം മാത്രമേ ഇന്ത്യ ഭരിക്കാവൂ എന്ന് അവർ കരുതുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു നീക്കവും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന രീതിയിൽ കോൺഗ്രസ് നടത്തുന്ന കള്ള പ്രചരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരാണ് രാജ്യത്തിന്റെ അടിത്തറയെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളും എടുത്തു പറഞ്ഞു. വിസ്കിത് ഭാരത് എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സർക്കാറിന്റെ നയങ്ങളും തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ലഡ്കി ബഹിൻ യോജനയുടെ ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറെ ഗുണകരമാണെന്നും അവകാശപ്പെട്ടു.
SUMMARY: Congress being run by gang of urban Naxals alleges PM Modi