പ്രവര്‍ത്തകരെ കാണാന്‍ മോദി; യോഗം വിളിച്ച് 'ഇൻഡ്യ' മുന്നണി
|വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി വ്യക്തമായ ലീഡ് നേടി
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്.ഡൽഹിയിലാണ് 'ഇൻഡ്യ' മുന്നണി യോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക.
അതേസമയം, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശിൽ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശിൽ ബി.ജെ.പി തുടർഭരണം ഉറപ്പായി.
മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പ്രതീക്ഷയോടെ നോക്കിക്കണ്ട സംസ്ഥാനം ഇവ്വിതം തകർന്നത് അവരെ വേട്ടയാടും. ചില എക്സിറ്റ്പോൾഫലങ്ങളിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല. 2018ലേക്കളും മോശം പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്. ഇനിയൊരു വലിയ മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, രാജസ്ഥാനും കോൺഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോൺഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 104 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസാവട്ടെ 71 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളിൽ മറ്റുള്ളവരും ബി.എസ്പി രണ്ടും ആർ.എൽ.ഡി ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
എന്നാൽ ഛത്തീസ്ഗഡിൽ ലീഡ് നില മാറിമറിയുകയാണ്. ഫലസൂചന പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നുവെങ്കിലും പിന്നീട് ചിത്രം മാറി. ഇപ്പോൾ 49 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും സുരക്ഷിതമല്ല കാര്യങ്ങൾ. തൊട്ടുപിന്നിൽ 41 സീറ്റുമായി ബി.ജെ.പിയും പിന്നിലുണ്ട്. മറ്റുള്ളവർക്കൊന്നും ഇവിടെ സീറ്റില്ല. കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പോലും ഇവിടെ കഷ്ടപ്പെടുകയാണ്. മാറിയും മറിഞ്ഞുമാണ് പാടനിലെ അദ്ദേഹത്തിന്റെ ലീഡ് നില.