കോൺഗ്രസിന് വേണമെങ്കിൽ തൃണമൂൽ സംഖ്യത്തിൽ ചേരാം- മമത
|ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു
ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. കോൺഗ്രസിനെതിരെ സംസാരിക്കാൻ താൽപര്യമില്ല. ബി.ജെ.പിക്കെതിരെ അവർ ഒന്നും ചെയ്യുന്നില്ല.ഞങ്ങൾ ഗോവയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, മറ്റ് നാലഞ്ചു പാർട്ടികളെയും ചേർത്ത് ഒരു സംഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതൊരു ബദൽ പാർട്ടിയാണ്. കോൺഗ്രസിന് വേണമെങ്കിൽ ഇതിൽ ഞങ്ങളോടൊപ്പം ചേരാം. നിങ്ങൾ ചേർന്നില്ലെങ്കിൽ മറ്റാരും ചേരില്ല എന്ന് കരുതുന്നത് ശരിയല്ല എന്നും അവർ പറഞ്ഞു. ദക്ഷിണ ഗോവയിലെ ബെനൗലിമിൽ സിറ്റിംഗ് എം.എൽ.എ ചർച്ചിൽ അലെമാവോ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തിക്കണമെന്ന് കരുതുന്നുവെങ്കിൽ നിങ്ങളെ തെറ്റുപറയാനാകില്ലെന്നും അവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഹിന്ദുവിരുദ്ധപാർട്ടിയല്ല, ബി.ജെ.പി തൃണമൂലിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. ഇത് മതസൗഹാർദ്ദത്തിന് പ്രാധാന്യം നൽകുന്ന പാർട്ടിയാണെന്നും മമത പറഞ്ഞു.പശ്ചിമ ബംഗാളിൽ ഒരു റോഡിൽ വെള്ളം കയറിയാൽ പോലും ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ അങ്ങോട്ട് അയക്കും. എന്നാൽ ഗോവയിൽ നടക്കുന്ന അഴിമതി പ്രശ്‌നങ്ങൾ ഒരു ഏജൻസിയുടെ കണ്ണിലും പെടുന്നില്ല.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ശക്തി കൂട്ടുക എന്ന ലക്ഷ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി ബിജെപിയെ എതിർക്കുന്ന പാർട്ടികളെ ഒപ്പം ചേർത്താണ് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്.