India
ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; രാഹുൽ വയനാട്ടിൽ, ​കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ
India

ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; രാഹുൽ വയനാട്ടിൽ, ​കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ

Web Desk
|
8 March 2024 2:01 PM GMT

വടകരയിൽ ഷാഫി പറമ്പിൽ, 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കൂടാതെ ഛത്തീസ്ഗഢ് - 6, കർണാടക - 7, മേഘാലയ - രണ്ട്, തെലങ്കാന - നാല് എന്നിങ്ങനെയും ത്രിപുര, നാഗാലാൻഡ്, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ സ്ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു.

15 സ്ഥാനാർഥികൾ ജനറൽ കാറ്റഗറിയിലുള്ളവരും 24 പേർ എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗക്കാരുമാണ്. 12 പേർ 50 വയസ്സിൽ താഴെയുള്ളവരാണ്. 50നും 60നും ഇടയിൽ എട്ട് പേരുണ്ട്. 61-70 പ്രായത്തിനിടയിൽ 12 പേരും 71നും 76നും ഇടയിൽ ഏഴ് പേരുമുണ്ട്.

രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ജനവിധി തേടും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽനിന്ന് വീണ്ടും മത്സരത്തിനിറങ്ങും.

തൃശൂരിൽ കെ. മുരളീധരൻ മത്സരിക്കുമ്പോൾ പകരം വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എയാണ് സ്ഥാനാർഥി. ആലപ്പുഴയിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ അവസാന നിമിഷം വരെയും അനിശ്ചിതത്വം ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരും ഇടക്ക് ഉയർന്നുവന്നു. 16 മണ്ഡലങ്ങളിലാണ് കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.

തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്റോ ആന്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ.സി.വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബെഹനാൻ, തൃശൂർ - കെ. മുരളീധരൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട്‌ വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് - എം.കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ. സുധാകരൻ, കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർഥികൾ.





Similar Posts